ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ സ്ത്രീധനപീഡനത്തെ തുടർന്ന് അഹ്മദാബാദിൽ യുവതി നദിയിൽ ചാടി ജീവനൊടുക്കിയ സംഭവം ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കുന്നു. സ്ത്രീധനം വാങ്ങി നടത്തുന്ന വിവാഹങ്ങളിൽ കാർമികത്വം വഹിക്കാൻ വരില്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡിലെയും ഭോപാലിലേയും പണ്ഡിത കൂട്ടായ്മകൾ. സ്ത്രീധനം ആവശ്യപ്പെടുന്ന കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്കരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
ഫെബ്രുവരി 25നാണ് ഭർതൃവീട്ടിൽനിന്നുള്ള സ്ത്രീധനപീഡനത്തിൽ സഹികെട്ട് അഹ്മദാബാദിലെ അയിഷാ ബാനു മക്റാനി എന്ന 23കാരി സബർമതി നദിയിൽ ചാടി ജീവനൊടുക്കിയത്. മരണത്തിനു മുമ്പ് അവർ റെക്കോഡ് ചെയ്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സ്ത്രീധനത്തെ എതിർത്ത് തോൽപ്പിക്കൽ ഉത്തരവാദിത്തമാണെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗവും മുതിർന്ന പണ്ഡിതനുമായ മുഫ്തി സലീം അഹ്മദ് വ്യക്തമാക്കി. ഭോപാലിലെ പള്ളിക്കമ്മിറ്റികളും കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ രൂപംനൽകിയ ദാറുൽ ഖദായുമാണ് സ്ത്രീധനത്തെ ചെറുക്കാൻ ആഹ്വാനം ചെയ്തത്.
പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമുദായം ഏറ്റവുമധികം പരിഗണന നൽകേണ്ടതുണ്ടെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വനിത വിഭാഗം ചീഫ് ഓർഗനൈസർ ഡോ. അസ്മാ സെഹ്റ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ആഗ്രയിലെ മുസ്ലിം സമൂഹവും ശക്തമായ സ്ത്രീധന വിരുദ്ധ നിലപാടുമായി രംഗത്തെത്തിയിരുന്നു. സ്ത്രീധനം മതവിരുദ്ധം മാത്രമല്ല ക്രിമിനൽ കുറ്റകൃത്യമാണെന്നും പണവും സ്വത്തും ആവശ്യപ്പെടുന്ന ഭർതൃവീട്ടുകാർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആൾ ഇന്ത്യ ജംഇയ്യത്തുൽ ഖുറേശ് നേതാവ് ശരീഫ് ഖുറൈശി ആവശ്യപ്പെട്ടു.