ആംബുലൻസ് റോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഇറങ്ങിപ്പോയി; വാഹനത്തിന് അകത്ത് യുവതിയും നവജാത ശിശുവും ചൂടേറ്റ് കിടന്നത് ഒരു മണിക്കൂറോളം; ഒടുവിൽ രക്ഷകരായി പോലീസ്

0
376

പാലക്കാട്: ആശുപത്രിയിലേക്ക് യുവതിയെയും നവജാതശിശുവിനെയും കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. അമിതവേഗത്തിലോടിയ ആംബുലൻസിനകത്ത് യുവതി സ്ട്രക്ചറിൽനിന്ന് വീണതായും ബന്ധുക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ ഡ്രൈവർ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്റെ (21) പേരിൽ ടൗൺ നോർത്ത് പോലീസ് കേസെടുത്തു. പാലക്കാട് പോസ്റ്റ്ഓഫീസ് കൊപ്പം റോഡിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

ഡ്രൈവർ ഇറങ്ങിപ്പോയതോടെ ഇവർ ഒരുമണിക്കൂറോളം കടുത്ത പകൽചൂടും സഹിച്ച് ആംബുലൻസിനകത്ത് വിയർത്ത് ഇരുന്നു. തുടർന്ന്, പോലീസെത്തിയാണ് ഇവരെ മറ്റൊരു ആംബുലൻസിൽ തൃശ്ശൂരിലേക്കെത്തിച്ചത്. വാഹനത്തിൽ യുവതിയും കുഞ്ഞും ഭർത്താവും രണ്ട് ബന്ധുക്കളും നഴ്‌സിങ് അസിസ്റ്റന്റുമായിരുന്നു ആംബുലൻസിന് അകത്തുണ്ടായിരുന്നത്.

പാലക്കാട് കുന്നത്തൂർമേടിനു സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവശേഷമുണ്ടായ പ്രശ്‌നത്തെത്തുടർന്ന് തൃശ്ശൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് യുവതിയെ മാറ്റാൻ നിർദേശിച്ചിരുന്നു. ഇതിനായി ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള, കിണാശ്ശേരി കേന്ദ്രീകരിച്ച് ഓടുന്ന ആംബുലൻസാണ് കിട്ടിയത്. ആഷിദാണ് ആംബുലൻസ് ഓടിച്ചിരുന്നത്. എന്നാൽ, വഴിയറിയില്ലെന്ന കാരണം പറഞ്ഞ് ആഷിദ് മറ്റൊരു ഡ്രൈവറെ ചുമതലയേൽപ്പിച്ചു.

പിന്നീട് പോകേണ്ട വഴിയിൽനിന്ന് കൂടുതൽ ദൂരം മാറി സഞ്ചരിച്ചതിനെത്തുടർന്ന് ആംബുലൻസിലെ യുവതിയുടെ ബന്ധുക്കളുമായി തർക്കമുണ്ടായി. യുവതിയുടെ ബന്ധുക്കൾ ഡ്രൈവറെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.

ഈ സംഭവത്തിന് പിന്നാലെ, ഡ്രൈവർ വണ്ടിനിർത്തി ഇറങ്ങിപ്പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈസമയത്ത് സ്ഥലത്തെത്തിയ ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കൃഷ്ണകുമാറും മരുതറോഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കമ്പൗണ്ടർ സുലൈമാനും ചേർന്ന് വാഹനം റോഡരികിലേക്ക് മാറ്റി. പോലീസിൽ വിവരമറിയിച്ചു.

പിന്നീട് മറ്റൊരു ആംബുലൻസ് വരുത്തിയാണ് പോലീസ് ഇവരെ തൃശ്ശൂർക്കയച്ചത്. ടൗൺ നോർത്ത് പോലീസെത്തി പ്രശ്‌നമുണ്ടാക്കിയ ആംബുലൻസ് സ്റ്റേഷനിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here