റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സമ്പൂർണ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് നിലവിലെ സ്‍പോൺസർഷിപ്പ് വ്യവസ്ഥയിൽ വരുത്തിയ പരിഷ്കാരങ്ങളാണ് ഞായറാഴ്ച മുതൽ നടപ്പാകുന്നത്.
മാനവ വിഭവശേഷി മന്ത്രാലയമാണ് അര നൂറ്റാണ്ട് പഴക്കമുള്ള വ്യവസ്ഥകൾ പൊളിച്ചെഴുതിയത്. സ്പോൺസറുടെ അനുമതി കൂടാതെ തൊഴിൽ സ്ഥാപന മാറ്റം (സ്പോൺസർഷിപ്പ് മാറ്റം), അവധിക്ക് നാട്ടിൽ പോകൽ (റീഎൻട്രി വിസ നേടൽ), ജോലി അവസാനിപ്പിച്ചും വിസ റദ്ദാക്കിയും നാട്ടിലേക്ക് മടങ്ങൽ (ഫൈനൽ എക്സിറ്റ്) എന്നീ സ്വാതന്ത്ര്യങ്ങളാണ് പുതിയ വ്യവസ്ഥയിലൂടെ വിദേശ തൊഴിലാളിക്ക് ലഭിക്കുന്നത്. സൗദിയിൽ ഉപജീവനം തേടിയ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള തൊഴിൽ കുടിയേറ്റക്കാർക്ക് (പ്രവാസികൾക്ക്) ഏറെ അനുഗ്രഹമാണ് ഈ തൊഴിൽ നിയമ പരിഷ്കാരം.
കരാർ കാലാവധി അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്കും ജോലിയിലേക്കും മാറാൻ കഴിയും. അതുപോലെ തൊഴിലുടമയുടെ അനുമതി തേടാതെ തന്നെ റീഎൻട്രി വിസ നേടി അവധിക്ക് നാട്ടിൽ പോകാനും മറ്റെന്തെങ്കിലും കാരണത്താൽ സൗദിക്ക് പുറത്തുപോകാനും കഴിയും. കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് സ്വന്തം ഇഷ്ടപ്രകാരം വിസ റദ്ദാക്കി ഫൈനൽ എക്സിറ്റ് വിസ നേടി സ്വദേശത്തേക്ക് മടങ്ങാനാവും. ഓൺലൈൻ (ഡിജിറ്റൽ) സർവീസിലൂടെയാണ് ഇതെല്ലാം നടക്കുക. സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തിന്റെ ‘അബ്ശിർ’ പോർട്ടൽ, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ‘ക്വിവ’ പോർട്ടൽ എന്നിവ വഴിയാണ് ഈ സേവനം തൊഴിലാളികൾക്ക് ലഭിക്കുക.