സുരേന്ദ്രന്‍ കോന്നിയില്‍; നേമത്ത് കുമ്മനം: ചിലയിടത്ത് എതിരാളികളെ അറിഞ്ഞ ശേഷം

0
240

തിരുവനന്തപുരം∙ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോയെന്ന് ഇന്നറിയാം. തൃശൂരില്‍ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ചില മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൂടി ആരെന്ന് അറിഞ്ഞ ശേഷമായിരിക്കും തീരുമാനം.

കഴക്കൂട്ടം മണ്ഡലത്തിന്റെ പട്ടികയില്‍ വി. മുരളീധരനും തിരുവനന്തപുരത്ത് സുരേഷ് ഗോപിയും ബിജെപി സംസ്ഥാന തിര‍ഞ്ഞെടുപ്പ് സമിതി പാര്‍ലമെന്ററി ബോര്‍ഡിന് അയച്ച പട്ടികയിലുണ്ട്. ഇരുവരും മല്‍സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം.

ബിജെപി എ ക്ലാസ് ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ വൈകുന്നതിന് പ്രധാനകാരണം എതിരാളികളുടെ പൂര്‍ണചിത്രം വ്യക്തമാകാത്തതാണ്. മഞ്ചേശ്വരം ഇതിന് ഉദാഹരണം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ വീണ്ടും മല്‍സരിക്കാനാണു സാധ്യത.

നേമത്ത് കുമ്മനം രാജശേഖരന്‍, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, പാറശാലയില്‍ കരമന ജയന്‍ എന്നിവര്‍ക്കു മാറ്റമുണ്ടാകില്ല. പാലക്കാട്, പൊന്നാനി, തൃപ്പൂണിത്തുറ എന്നിവയിലേതെങ്കിലുമൊന്നിലാകും ഇ. ശ്രീധരന്‍. സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ അംഗീകാരം വ്യാഴാഴ്ച ലഭിച്ചേക്കും.

തൃശൂരില്‍ ചേരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വി.മുരളീധരന്‍, സുരേഷ് ഗോപി എന്നിവര്‍ മല്‍സരിക്കുന്ന കാര്യത്തിലുള്ള തീരുമാനത്തിനനുസരിച്ച് സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ മാറ്റമുണ്ടാകും. മുരളീധരന്‍ മല്‍സരിച്ചില്ലെങ്കില്‍ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ഇറങ്ങും. സംസ്ഥാന നേതൃത്വവുമായി ഇപ്പോഴും അകലം പാലിക്കുന്ന ശോഭാ സുരേന്ദ്രനും സാധ്യതാ പട്ടികയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here