കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതിര്‍ത്തികള്‍ വഴി പണം ,മദ്യം, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കടത്തുന്നത് തടയാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ എം.സതീഷ് കുമാര്‍, സഞ്‌ജയ്‌പോള്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചു.
തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി വഴി പണം കടത്തുന്നതിനും ചെലവഴിക്കുന്നതിനും സാധ്യതയുള്ള പ്രദേശങ്ങള്‍ പ്രത്യേകം പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ നിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏതെങ്കിലും പ്രദേശത്ത് കൂടുതല്‍ പണം എത്തുന്നുണ്ടോയെന്ന് പരിശോധിക്കണം. വോട്ടര്‍മാരെ സ്വാധീനിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും നിരീക്ഷകര്‍ പറഞ്ഞു.
കാസര്‍കോട് കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റിട്ടേണിങ് ഓഫീസര്‍മാരായ സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ആര്‍ഡിഒ പി. ഷിജു, ഡെപ്യൂട്ടി കളക്ടര്‍മാരായ ജയ ജോസ് രാജ്, ഷാജി എം കെ, സിറോഷ് പി ജോണ്‍, എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കെ.സതീശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, എക്‌സൈസ്, ഇന്‍കംടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ്, ജി എസ് ടി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.