മഹിളാ കോൺ​ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു, ഇന്ദിരാ ഭവന് മുന്നിൽ തലമുണ്ഡനം ചെയ്ത് ലതികാ സുഭാഷ്

0
233

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് തലമുണ്ഡമനം ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ അറിയിച്ചു കൊണ്ടാണ് ലതികാ സുഭാഷ് രാജിവെച്ചത്.

ഇതിന് പിന്നാലെയാണ് തലമുണ്ഡനം ചെയ്തത്.

മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.

നിരവധി സ്ത്രീകള്‍ കാലങ്ങളായി മഹിളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി രമണി പി നായരുള്‍പ്പെടെയുള്ളവര്‍ തഴയപ്പെട്ടിട്ടുണ്ട്. അന്‍സജിതയുടെ പേര് വന്നതില്‍ സന്തോഷമുണ്ട്.

ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതികാ സുഭാഷ് ഉമ്മന്‍ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.

എന്നാല്‍ തനിക്ക് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് ലതികാ സുഭാഷ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here