മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന പ്രചരണം പൊളിച്ച് വിവരാവകാശ രേഖ

0
458

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന പ്രചരണം പൊളിച്ച് വിവരാവകാശ രേഖ. വിളയോടി ശിവന്‍കുട്ടി എന്നയാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മറുപടി നല്‍കിയിരിക്കുന്നത്.

‘ഇന്ന് നിലവിലിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ മദ്രസകള്‍ക്ക് സഹായം അനുവദിച്ചിട്ടുണ്ടോ? ഏതൊക്കെ വര്‍ഷങ്ങളില്‍, എത്ര രൂപ അനുവദിച്ചിട്ടുണ്ട്?, മദ്രസ അധ്യാപകര്‍ക്ക് എല്‍.ഡി.എഫ് സക്കാര്‍ ശമ്പളം അനുവദിച്ചിട്ടുണ്ടോ’, എന്നിങ്ങനെയായിരുന്നു അപേക്ഷയിലെ ചോദ്യങ്ങള്‍.

എന്നാല്‍ മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും മദ്രസകള്‍ക്ക് ധനസഹായം അനുവദിക്കുന്നില്ല, മദ്രസ അധ്യാപകര്‍ക്ക് അധ്യാപക ക്ഷേമനിധിയില്‍ നിന്നും ശമ്പളം നല്‍കുന്നില്ല- എന്നുമാണ് വിവരാവകാശരേഖപ്രകാരമുള്ള മറുപടി.


നേരത്തെ കേരള സര്‍ക്കാര്‍ മദ്രസകള്‍ക്ക് ഫണ്ട് നല്‍കുന്നുവെന്ന തരത്തില്‍ സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും പ്രചരണമഴിച്ചുവിട്ടിരുന്നു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍ മദ്രസ അധ്യാപകര്‍ക്ക് 6,000 രൂപമുതല്‍ 25,000 രൂപ വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന് വ്യാജവാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.

മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന ക്ഷേമനിധിബോര്‍ഡിന്റെ പുതിയ ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിാണ് ജന്മഭൂമി പത്രം വാര്‍ത്ത നല്‍കിയത്.

ക്ഷേത്ര-മതപാഠശാലകളില്‍ ഹൈന്ദവ വിശ്വാസം പഠിപ്പിക്കുന്ന അധ്യാപകന് 500 രൂപ നല്‍കുമ്പോള്‍ മദ്രസ അധ്യാപകര്‍ക്ക് 6000 രൂപയും മറ്റു ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കുന്നുവെന്നും ജന്മഭൂമി വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിലെ മതസ്ഥാപനമായ മദ്രസകള്‍ നടത്തുന്നത് സര്‍ക്കാരല്ല. അത് നടത്തിവരുന്നത് വിവിധ മത സംഘടനകളുടെ നേതൃത്വത്തിലാണ്. കേരളത്തിലെ മദ്രസകള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയല്ല എന്നതാണ് മറ്റൊരു വസ്തുത.

LEAVE A REPLY

Please enter your comment!
Please enter your name here