മത്സരിക്കാനില്ലെന്ന് നാല് പേര്‍; മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാകാതെ സിപിഎം

0
550

അടിയന്തര ജില്ലാ സെക്രട്ടേറിയറ്റിലും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. ഇന്ന് വീണ്ടും മണ്ഡലം കമ്മറ്റി ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കാനാണ് തീരുമാനം. സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ച 4 പേരും മത്സരിക്കാൻ സന്നദ്ധരാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കെ.പി സതീശ് ചന്ദ്രൻ, വി.വി രമേശൻ, ഇ.പത്മാവതി, വി.പി.പി. മുസ്തഫ എന്നീ നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു മണ്ഡലം കമ്മറ്റിയുടെ നിർദേശം. എന്നാൽ ഇവരിൽ 4 പേരും മത്സരിക്കാനില്ലെന്ന് നേതാക്കളെ അറിയിച്ചതായാണ് വിവരം. സാമുദായിക വോട്ടുബാങ്കിലുണ്ടാവുന്ന വിള്ളൽ പരിഗണിച്ച് വി.പി.പി മുസ്തഫയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സെക്രട്ടറിയേറ്റിൽ ധാരണയായിട്ടുണ്ട്. വി.വി രമേശന് മേൽ മത്സരിക്കാൻ സമ്മർദം ചെലുത്താനാണ് സാധ്യത. എന്നാൽ വി വി രമേശൻ സന്നദ്ധനായില്ലെങ്കിൽ ശങ്കർ റൈയെ ഇത്തവണയും സ്ഥാനാർഥിയാക്കിയേക്കുമെന്നാണ് സൂചന.

കെ. ആർ ജയാനന്ദനെ സ്ഥാനാർഥിയാക്കുന്നതിൽ മണ്ഡലം കമ്മറ്റിയിലെ ഭൂരിപക്ഷം പേരും എതിർപ്പ് അറിയിച്ചതോടെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണയത്തിൽ സി.പിഎമ്മിനകത്ത് പ്രശ്നങ്ങൾ ഉടലെടുത്തത്. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മണ്ഡലം കമ്മറ്റിയിൽ 3 മണിക്കൂറോളം ചർച്ച നടത്തിയിട്ടും തീരുമാനമാവാത്തതിനാൽ വിഷയം ജില്ലാ സെക്രട്ടറിയേറ്റിന് വിടുകയായിരുന്നു.

രാത്രി ചേർന്ന അടിയന്തര സെക്രട്ടറിയേറ്റിലും തീരുമാനമെടുക്കാനായില്ല. ഇതോടെയാണ് ഇന്ന് വീണ്ടും മണ്ഡലം കമ്മറ്റി ചേരാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ചേരുന്ന മണ്ഡലം കമ്മറ്റിയിൽ സ്ഥാനാർഥിയെ തീരുമാനിക്കാനാണ് ധാരണ. മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here