മംഗളൂരു വിമാനത്താവളം വഴി നാലുവർഷത്തിനിടെ കടത്താൻ ശ്രമിച്ചത് 32.98 കോടിയുടെ സ്വർണം

0
239

മംഗളൂരു : നാലുവർഷത്തിനിടെ മംഗളൂരു വിമാനത്താവളം വഴി വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ചത് 32.98 കോടി രൂപ വിലവരുന്ന 95.12 കിലോ സ്വർണം. കസ്റ്റംസ് അധികൃതരും ഡി.ആർ.ഐ. ടീമും പിടികൂടിയ സ്വർണത്തിന്റെ മാത്രം കണക്കാണിത്. വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അസി. കമ്മിഷണർ നൽകിയതാണീ വിവരം.

മംഗളൂരു വിമാനത്താവളം വഴി കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒട്ടേറെ യാത്രക്കാർ അനധികൃത സ്വർണവുമായി എത്തുന്നുണ്ട്. പിടികൂടുന്ന പലരും നിയമത്തിന്റെ പഴുതിൽ സ്വർണത്തിന്റെ നികുതി അടച്ച് രക്ഷപ്പെടുകയാണ് പതിവ്. 20 ലക്ഷത്തിൽ കൂടുതൽ മൂല്യംവരുന്ന സ്വർണവുമായി എത്തുന്ന യാത്രക്കാരെ മാത്രമേ അറസ്റ്റ് ചെയ്യാൻ വകുപ്പുള്ളൂ.

അതുകൊണ്ടുതന്നെ 19 ലക്ഷം, 20 ലക്ഷം വിലവരുന്ന സ്വർണവുമായാണ് കടത്തുകാർ (കാരിയർമാർ) എത്തുന്നത്. വളരെ വിദഗ്ധമായി സ്വർണം രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ചിട്ടുണ്ട്. സ്വർണം രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയാൽ അതിന്റെ ലോഹസ്വഭാവം മാറും. ഓക്‌സൈഡ് രൂപത്തിലായി മാറുന്ന സ്വർണം മെറ്റൽ ഡിറ്റക്ടർ വഴി കണ്ടെത്താൻ പ്രയാസമാണ്.

ഇൗ രീതിയിൽ സ്വർണം കടത്താനായി ദുബായിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് അധികൃതർക്ക് കിട്ടിയ വിവരം.

ദുബായിൽ ജോലിചെയ്യുന്ന നിർധനരായ യുവാക്കളെ കണ്ടെത്തി സ്വർണക്കടത്തുകാരാക്കുകയാണ്. 10,000 രൂപയും വിമാന ടിക്കറ്റുമാണ് വിജയകരമായി സ്വർണം ഇന്ത്യയിൽ എത്തിച്ചാലുള്ള പ്രതിഫലമെന്നാണ് വിവരം. അഥവാ പിടിച്ചാൽ നികുതി അടച്ച് ഇവരെ രക്ഷപ്പെടുത്തും. പിടിയിലായ മിക്കവരും കാസർകോട് സ്വദേശികളായ യുവാക്കളാണ്. കണ്ണൂർ വിമാനത്താവളം വന്നതോടെ മംഗളൂരു വഴിയുള്ള സ്വർണക്കടത്തിൽ കുറവുണ്ടെന്നാണ് കസ്റ്റംസ് അധികൃതർ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here