ഭയപ്പെടുത്തി വരുതിയിലാക്കിയ പലരെയും കണ്ടിട്ടുണ്ടാകും; ഇവിടെ ആ പരിപ്പ് വേവില്ല: മുഖ്യമന്ത്രി

0
275

തിരുവനന്തപുരം : നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും തടയിടാന്‍ വന്നാല്‍ അനുവദിച്ചുതരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വഴി സംഭരിച്ച തുക കേരളത്തില്‍ തന്നെ ചെലവഴിക്കും. കേന്ദ്രഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് ചാടിയിറങ്ങിയതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. ബിജെപിയെയും, അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ അവര്‍ പറയന്നതിനുമുന്‍പേ വിളിച്ചുപറയുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല നടത്തേണ്ടത്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് തോന്നുന്നപോലെ പ്രവര്‍ത്തിക്കാന്‍ അധികാരം കിട്ടിയവരല്ല എന്ന് മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read നാലുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു, കൂട്ടുകാര്‍ പിന്മാറി,പക്ഷേ പ്രതീക്ഷ കൈവിട്ടില്ല; ഇന്ത്യക്കാരന് 24 കോടി

കേന്ദ്രധനകാര്യമന്ത്രി ഇവിടെ വന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കിഫ്ബിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുവന്നില്ല എന്ന് അറിഞ്ഞുകൊണ്ടാകണം തന്റെ വകുപ്പിന് കീഴിലെ ഇഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചത്.

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാര്യങ്ങളറിയാം. എന്നാല്‍ ഇവിടെ ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചെന്നും വലിയതോതില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കിട്ടുന്നതിനു മുന്‍പേയാണ് മാധ്യമങ്ങളിലൂടെയുള്ള പ്രചരണം നടന്നത്. ഫെഡറല്‍ സംവിധാനത്തില്‍ ഭരണഘടനാപരമായി ചുമതലവഹിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് ഉദ്യോഗസ്ഥര്‍. ആ ഉദ്യോഗസ്ഥര്‍ക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്നതും അപമര്യാദയായി പെരുമാറുന്നതും ഉണ്ടാകുന്നു. വേണ്ടി വന്നാല്‍ ശാരീരികമായി ഉപദ്രവിക്കും എന്ന ഭാവത്തോടെ പെരുമാറുന്ന നിലവരെ ഉണ്ടാകുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമം ഉണ്ടെന്ന് ഇവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാണ് ഞങ്ങള്‍. അത് തടയാന്‍ വരുന്ന ഒരുശക്തിക്ക് മുന്നിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യം ഞങ്ങളുടേതല്ല.-പിണറായി പറഞ്ഞു.

കേന്ദ്രഏജന്‍സികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരെ മുന്‍പ് കണ്ടിട്ടുണ്ടാകാം. ഭയപ്പെടുത്തി വരുതിയിലാക്കാന്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിചയമുണ്ടാകാം. പക്ഷേ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ഇത് കേരളമാണ്. ഇവിടെ അത്തരം വിരട്ടുകൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കില്ല. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല.

ആര്‍ബിഐ അനുമതിയോടെയാണ് എല്ലാ ചട്ടങ്ങളും പാലിച്ച് കിഫ്ബി മസാലബോണ്ട് പുറത്തിറക്കിയത്. ധനമന്ത്രി ടി എം തോമസ് ഐസക് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചതാണ്.

ഇഡിയുടെ അന്വേഷണം സിപിഐ എം-ബിജെപി ബന്ധത്തിന്റെ തെളിവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് തന്നെയായിരുന്നില്ലേ. അന്ന് അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനുമേല്‍ വട്ടംചുറ്റുമ്പോള്‍ അവര്‍ക്ക് ചൂട്ടുപിടിച്ച് മുന്നില്‍ നടന്നത് ആരായിരുന്നു. ഇവിടെയൊന്നും നടക്കരുത്, എല്ലാം നശിച്ചോട്ടെ എന്ന ചിന്തയാണ് പ്രതിപക്ഷത്തിന്.

സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനവും കോണ്‍ഗ്രസ് – ബിജെപി ആക്രമങ്ങളെ മുന്‍പും നേരിട്ടിട്ടുണ്ട്. വികസനത്തിന് മാര്‍ഗരേഖയുണ്ടാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന് ഏതെല്ലാം തടസമുണ്ടാക്കാമോ അതെല്ലാം ബിജെപിയും യുഡിഎഫും ഉണ്ടാക്കിയിട്ടുണ്ട്. കിഫ്ബിയെ ആകാശകുസുമം, മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്നൊക്കെയാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ വേണ്ട എന്ന് ഒരുഘട്ടത്തിലും ചെന്നിത്തല പറഞ്ഞിട്ടില്ല.

63250 കോടിയുടെ വികസനമാണ് കിഫ്ബി നല്‍കാന്‍ പോകുന്നത്. നാട്ടില്‍ വികസനം വേണ്ടെന്നാണോ പ്രതിപക്ഷം പറയുന്നത്. സര്‍ക്കാരിനെ ആക്രമിച്ചോളൂ, പക്ഷേ അത് ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന്റെ കടയ്‌ക്കല്‍ കത്തിവെച്ചാകരുത്. അതിന് അനുവദിക്കില്ല. കിഫ്ബി വഴി സംഭരിച്ച തുക കേരളത്തില്‍ തന്നെ ചിലവഴിക്കും. ഇവിടെ നല്ല റോഡുകള്‍ വേണം, മികച്ച ചികിത്സ കിട്ടണം, സാധാരണക്കാരുടെ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടണം, തൊഴില്‍ വേണം, ഇതിനൊന്നും ഇടങ്കോലിടാന്‍ വരരുത്.

കഴിഞ്ഞ കുറേമാസങ്ങളായി ബിജെപിയും കോണ്‍ഗ്രസും ഒരേവികാരത്തോടെയാണ് സര്‍ക്കാരിനെ ആക്രമിച്ചത്. എന്തെല്ലാം കള്ളക്കഥകള്‍ മെനഞ്ഞു. ഇപ്പോള്‍ എവിടെയാണ് അവയെല്ലാം. സര്‍ക്കാരുമായി ബന്ധമുള്ള ആരെയെങ്കിലും സ്വര്‍ണക്കടത്ത് കേസുമായോ മറ്റ് ആരോപണങ്ങളുമായോ ബന്ധംസ്ഥാപിക്കാന്‍ കഴിഞ്ഞോ?

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയ ആളെന്ന ബഹുമതി ചെന്നിത്തലയ്‌ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടും ബിജെപിയിലേക്ക് കടകാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് അദ്ദേഹം.

തങ്ങളെ ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയാകും എന്ന്  പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് അധപതിക്കുകയാണ്. ഈ കോണ്‍ഗ്രസിനെ എങ്ങനെയാണ് മതനിരപേക്ഷവാദികളും മതന്യൂനപക്ഷങ്ങളും വിശ്വസിക്കുക. ബിജെപിക്കും കോണ്‍ഗ്രസിനും എല്‍ഡിഎഫ് തകര്‍ന്ന് വീഴുകയാണ് വേണ്ടത്. അതിന് കേരളത്തെ തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here