പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നടപടി ശരിവെച്ച് സുപ്രീംകോടതി

0
515

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭകള്‍ക്ക് പ്രമേയം പാസാക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമം, കാര്‍ഷിക നിയമം എന്നിവയ്‌ക്കെതിരെ കേരള, പശ്ചിമബംഗാള്‍ നിയമസഭകള്‍ പ്രമേയം പാസാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

പ്രമേയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായമാണെന്നും അതിന് നിയമപരായ പിന്‍ബലമില്ലെന്നും കോടതി പറഞ്ഞു.

രാജസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംതാ ആന്ദോളന്‍ സമിതിയാണ് ഹരജി സമര്‍പ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ കേരളം, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാന്‍ അവകാശമില്ലെന്നായിരുന്നു ഹരജിയില്‍ പറഞ്ഞത്. പ്രമേയങ്ങള്‍ അസാധുവാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമായും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. സൗമ്യ ചക്രബര്‍ത്തിയുടെ വാദം. എന്നാല്‍ കേരള നിയമസഭയുടെ ഭൂരിപക്ഷാഭിപ്രായമാണ് അതെന്നായിരുന്നു കോടതിയുടെ മറുപടി.

‘അവര്‍ ജനങ്ങളോട് നിയമം അനുസരിക്കേണ്ട എന്നല്ല പറഞ്ഞത്. പാര്‍ലമെന്റിനോട് നിയമം പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്’, ബോബ്‌ഡെ പറഞ്ഞു.

എന്നാല്‍ നിയമം ”നല്ലതാണോ ചീത്തയാണോ’ എന്ന് കേരള നിയമസഭയ്ക്ക് അഭിപ്രായമുണ്ടാകരുതെന്ന് ഹരജിയില്‍ പറഞ്ഞു.

”അവര്‍ക്ക് (സംസ്ഥാന നിയമസഭകള്‍ക്ക്) യൂണിയന്‍ ലിസ്റ്റിലെ വിഷയങ്ങളില്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍, അവയെക്കുറിച്ച് ഒരു സാധാരണ അഭിപ്രായം പറയാനും കഴിയില്ല,” എന്നായിരുന്നു ഹരജിക്കാരുടെ വാദം.

പൗരത്വ നിയമത്തിനെതിരെ 60 ഓളം ഹരജികള്‍ സുപ്രീം കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് പ്രമേയം കൊണ്ടുവന്നതെന്നും സൗമ്യ ചക്രബര്‍ത്തി പറഞ്ഞു.

എന്നാല്‍ പാര്‍ലമെന്റ് തയ്യാറാക്കിയ നിയമം മാറ്റിവയ്ക്കാന്‍ കേരള നിയമസഭയ്ക്ക് അധികാരമില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ ഒരു അഭിപ്രായം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ലേ?’,  എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വീണ്ടും വാദം കേള്‍ക്കും. 2019 ഡിസംബര്‍ 31 നാണ് കേരള നിയമസഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here