ബെഗളുരു: അപകടത്തിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടത്തിനായി മാറ്റിയ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി. കർണാടകയിലെ മഹാലിംഗാപൂരിലാണ് സംഭവം. പോസ്റ്റുമോർട്ടം നടത്തിനായി നിയോഗിച്ച ഡോക്ടറാണ്, 27കാരന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യുവാവിന്‍റെ ശരീരം ചലിക്കുന്നത് ഡോക്ടർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനുണ്ടെന്ന് മനസിലായത്. ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 27 ന് മഹാലിംഗാപൂരിൽ അപകടത്തിൽപ്പെട്ട ശങ്കർ ഗോമ്പി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മസ്തിഷ്കം മരണം സംഭവിച്ചതായി ബെലഗാവിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. വെന്‍റിലേറ്റർ സംവിധാനം ഒഴിവാക്കുന്നതോടെ മരണം സ്ഥിരീകരിക്കപ്പെടുമെന്നും ഡോക്ടർമാർ അറിയിച്ചു. ഇതേത്തുടർന്ന് ശങ്കറിന്‍റെ ശരീരം വെന്‍റിലേറ്റർ സംവിധാനത്തോടുകൂടി തന്നെ ബാഗൽകോട്ടിലെ മഹാലിംഗാപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്റർ മാറ്റിയശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായാണ് അവിടേക്ക് മാറ്റിയത്. ഇതിനൊപ്പം യുവാവിന്‍റെ ശവസംസ്ക്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ശങ്കറിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടുള്ള ബാനറുകളും ഫ്ലെക്സുകളും മഹാലിംഗാപ്പൂരിലെ തെരുവോരങ്ങളിൽ നിറഞ്ഞു.
സംഭവത്തെക്കുറിച്ച് പോസ്റ്റ്‌മോർട്ടം നടത്താൻ നിയോഗിക്കപ്പെട്ട ഡോക്ടർ എസ്. എസ്. ഗൽഗലി പറയുന്നത് ഇങ്ങനെയാണ്, ‘ആശുപത്രിയിലേക്ക് പോകുമ്പോൾ പട്ടണത്തിലുടനീളം ശങ്കറിന്‍റെ കട്ട്ഔട്ടുകളും ബാനറുകളും ഉണ്ടായിരുന്നു. “അതുകൊണ്ടുതന്നെ എന്റെ പോസ്റ്റുമോർട്ടം ടേബിളിലെ മുഖം എനിക്കറിയാം, പക്ഷേ അദ്ദേഹം ജീവിച്ചിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല,” ഗാൽഗലി പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോൾ നൂറു കണക്കിന് ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു, ”ഗൽഗലി പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടി ആരംഭിക്കാൻ ഒരുങ്ങുമ്പോൾ ഗോമ്പിയുടെ ശരീരത്തിൽ ചെറിയ അനക്കം കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. “[ഇത്] ശരീരത്തിൽ സംവേദനങ്ങളുണ്ടെന്ന് അർത്ഥമാക്കുന്നു. ഞാൻ ഒരു പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കുകയും അവന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും ചെയ്തു. അപ്പോൾ പൾസ് ഉണ്ടെന്ന് മനസിലായി. പിന്നെ ഞാൻ അവനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി അൽപ്പം കാത്തിരുന്നു. എന്നെ അതിശയിപ്പിച്ചുകൊണ്ട്, അവൻ കൈകൾ ചലിപ്പിച്ചു. ഞാൻ ഉടനെ കുടുംബത്തെ വിളിച്ച് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ”
വെന്റിലേറ്റർ നീക്കം ചെയ്തുകഴിഞ്ഞാൽ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുമെന്നാണ് ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞിരുന്നത്. അതിനാൽ, ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളും അവർ ആരംഭിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മരണവാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ഗോംബിയുടെ ആരോഗ്യനിലയിൽ കുറച്ച് പുരോഗതി ഉണ്ടെന്നും അദ്ദേഹത്തിന്റെ ജീവൻ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും ഇപ്പോൾ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതായി ഡോ. ഗൽഗലി പറഞ്ഞു. “അദ്ദേഹത്തിന്റെ നിലനിൽപ്പിന് ഒരു സാധ്യതയുണ്ടെന്നും അദ്ദേഹം ചികിത്സയോട് പ്രതികരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 18 വർഷം നീണ്ട എന്റെ കരിയറിൽ 400 ലധികം പോസ്റ്റ്‌മോർട്ടങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്, എന്നാൽ ഇതുപോലുള്ള ഒരു കേസ് ഞാൻ കണ്ടിട്ടില്ല. ”- അദ്ദേഹം പറഞ്ഞു.
പരാതി ലഭിക്കാത്തതിനാൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബാഗൽകോട്ട് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “മെഡിക്കൽ അവഗണന’യ്ക്ക് ജില്ലാ ആരോഗ്യ വകുപ്പ് നടപടി എടുക്കേണ്ടത്” അദ്ദേഹം പറഞ്ഞു. ഗോമ്പിയെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ അധികൃതർ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.