ന്യൂഡൽഹി: ചൈനയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിൽ 21 ലക്ഷത്തോളം മയിൽപീലികൾ നിറച്ച കണ്ടെയ്നർ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. 2,565 കിലോഗ്രാം ഭാരമുള്ള ഇവ പിവിസി പൈപ്പുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. തുഗ്ലകാബാദിലെ ഐസിഡി (ഇൻലാൻഡ് കണ്ടെയ്നർ ഡീപ്പോ)യിൽ വച്ചാണ് കസ്റ്റംസ് പരിശോധനയിൽ മയിൽപീലികൾ കണ്ടെത്തിയത്.
മരുന്ന് നിർമാണത്തിനായാണ് ഇവ കടത്തുന്നതെന്നാണ് സംശയിക്കുന്നത്. കണ്ടെയിനറിൽ പിടിച്ചെടുത്ത മയിൽപീലികൾക്ക് ഏകദേശം 5.25 കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ് ചരക്ക് എത്തിയതെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.