പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണവേട്ട: 16 കിലോ പിടിച്ചു

0
229

പാലക്കാട്∙ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നു പുലർച്ചെ വൻ സ്വർണവേട്ട. ചെന്നൈ – ആലപ്പി ട്രെയിനിൽ തൃശൂരിലേയ്ക്കു കടത്താൻ ശ്രമിക്കുകയായിരുന്ന 16 കിലോ സ്വർണം ആർപിഎഫ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു നിന്നു കടത്തിയ സ്വർണക്കട്ടികൾ ഉൾപ്പടെയുള്ള സ്വർണമാണ് പിടികൂടിയിട്ടുള്ളത്.

രേഖകളില്ലാതെ സ്വർണം കടത്തിയതിന് തൃശൂർ സ്വദേശികളായ നിർമേഷ്(33), ഹരികൃഷ്ണൻ(32), ജൂബിൻ ജോണി(29) എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്ത സ്വർണക്കട്ടികൾ ഉൾപ്പടെയുള്ളവ ചെന്നൈയിൽ നിന്നു വാങ്ങി തൃശൂരിലെത്തിച്ച് ആഭരണങ്ങളാക്കുന്ന സംഘത്തിൽ പെട്ടവരാണ് ഇതെന്ന് വ്യക്തമായി. പിടിയിലായ പ്രതികൾ തുടർച്ചയായി ഇതര സംസ്ഥാന യാത്ര നടത്തിയിരുന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവർ പതിവായി സംസ്ഥാനത്തേയ്ക്ക് സ്വർണം കടത്തിയിരുന്നവരാണ് എന്നാണ് വിലയിരുത്തൽ.

സ്വർണം കൊണ്ടു പോകുന്നതിനുള്ള രേഖകൾ കൈവശമില്ലാത്തതിനാൽ അനധികൃത കടത്താണ് എന്നാണു വിലയിരുത്തൽ. വിദേശത്തു നിന്നു കടത്തിയതെന്നു കണ്ടെത്തിയ 11 സ്വർണക്കട്ടികൾ കസ്റ്റംസിനു കൈമാറിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ആർപിഎഫ് രൂപീകരിച്ച സ്പെഷൽ സ്ക്വാഡ് ഏതാനും ദിവസങ്ങളായി രണ്ടു സംഘങ്ങളായി ട്രെയിനുകളിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇതുവഴി കടത്താൻ ശ്രമിച്ച സ്വർണവും പണവും സംഘം പിടികൂടിയിരുന്നു. ആർപിഎഫ് സ്പെഷൽ സ്ക്വാഡിലെ രോഹിത് കുമാർ, വി.സാവിൻ, എൻ. അശോക്, പി.ബി. പ്രദീപ്, സി. അബ്ബാസ് എന്നിവരുടെ സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here