അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. സ്‌കോര്‍ ഇംഗ്ലണ്ട്: 205, 135 & ഇന്ത്യ 365. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് അവസാനിച്ചു. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായിരുന്നത്. അതേ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റും ശേഷം അഹമ്മദാബില്‍ നടന്ന രണ്ട് ടെസ്റ്റുകളും ഇന്ത്യ ജയിക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ് ഈ ടെസ്റ്റിലും നിര്‍ണായകമായത്. അഞ്ച് വിക്കറ്റ് വീതം നേടിയ അക്‌സര്‍ പട്ടേലും ആര്‍ അശ്വിനും ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുകയായിരുന്നു.
ഇനിയും പിച്ചിനെ പഴിക്കാനാവില്ല
അവസാന രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോള്‍ പിച്ചിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണയും പിച്ചിനെ പഴിച്ച് രക്ഷപ്പെടാന്‍ ഇംഗ്ലണ്ടിനാവില്ല. അത്രത്തോളം മോശമായിരുന്നു ഇംഗ്ലീഷ് താരങ്ങളുടെ ബാറ്റിങ്. ഇംഗ്ലീഷ് മുന്‍നിരയ്ക്ക് ഒരിക്കല്‍കൂടി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. സാക് ക്രൗളി (5), ഡൊമിനിക് സിബ്ലി (3), ജോണി ബെയര്‍സ്‌റ്റോ (0), ബെന്‍ സ്‌റ്റോക്‌സ് (2) എന്നിവര്‍ക്ക് ഒരിക്കല്‍ പോലും അശ്വിന്‍- അക്‌സര്‍ കൂട്ടുക്കെട്ടിനെ ചെറുത്തുനില്‍ക്കാനായില്ല. 14 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇവരെല്ലാം പവലിയനില്‍ തിരിച്ചെത്തി. ക്രൗളിയെ അശ്വിന്‍ സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചു. ബെയര്‍സ്റ്റോയാവട്ടെ അശ്വിന്റെ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് ലെഗ് ഗള്ളിയില്‍ രോഹിത്തിന് ക്യാച്ച് സമ്മാനിച്ചു. സിബ്ലി, സ്‌റ്റോക്‌സ് എന്നിവരായിരുന്നു അക്‌സറിന്റെ ഇര. സിബ്ലിയെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈപ്പിടിയിലൊതുക്കി. സ്റ്റോക്‌സ് സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോള്‍ ലെഗ് ഗള്ളിയില്‍ കോലിക്ക് ക്യാച്ച് നല്‍കുകയായിരുന്നു.
അല്‍പമെങ്കിലും ചെറുത്തുനിന്നത് ലോറന്‍സ് മാത്രം
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാനുയുള്ളത് ഡാനിയേല്‍ ലോറന്‍സിന്റെ (50) അര്‍ധ സെഞ്ചുറി മാത്രമാണ്. ക്യാപ്റ്റന്‍ ജോ റൂട്ട് 30 റണ്‍സോടെ പുറത്തായി. ഒല്ലി പോപ്പിനൊപ്പം (15) റൂട്ട് അല്‍പനേരം പിടിച്ചുനിന്നു. ഇരുവരും 35 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പോപ്പിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. തൊട്ടടുത്ത ഓവറില്‍ റൂട്ട് അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ ലോറന്‍സാണ് തോല്‍വിയുടെ ഭാരം അല്‍പം കുറച്ചത്. ഇതിനിടെ ബെന്‍ ഫോക്‌സിനേയും (13), ഡൊമിനിക് ബെസ്സ് (2) എന്നിവരെ അക്‌സര്‍ പുറത്താക്കി. ലീച്ചാവട്ടെ അശ്വിന്റെ മുന്നിലും കീഴടങ്ങി. അതേ ഓവറില്‍ ലോറന്‍സിനെ ബൗള്‍ഡാക്കി അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. കൂടെ ഇന്ത്യയുടെ വിജയവും.
സുന്ദറിന്റെ സെഞ്ചുറിയുടെ മൂല്യമുള്ള ഇന്നിങ്‌സ്
ഒരിക്കല്‍കൂടി സെഞ്ചുറിക്ക് തൊട്ടരികില്‍ വച്ച് വാഷിംഗ്ടണ്‍ സുന്ദറിന് പുറത്താവാതെ പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. നാലാം ടെസ്റ്റ് മാത്രം കളിക്കുന്ന സുന്ദറിന്റെ പേരില്‍ മൂന്ന് അര്‍ധ സെഞ്ചുറികളായി. മുന്‍നിര താരങ്ങളെപ്പോലും നാണിക്കുന്ന പ്രകടനമായിരുന്നു സുന്ദറിന്റേത്. 174 പന്തില്‍ ഒരു സിക്‌സിന്റേയും 10 ഫോറിന്റേയും സഹായത്തോടെയാണ് 21 കാരന്‍ 96 റണ്‍സെടുത്തത്. കൂടാതെ രണ്ട് നിര്‍ണായക സെഞ്ചുറി കൂട്ടൂകെട്ടില്‍ പങ്കാളിയാവാനും തമിഴ്‌നാട്ടുകാരനായി. നേരത്തെ പന്തിനൊപ്പം 113 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. പിന്നാലെ അക്‌സറിനൊപ്പം ഇതുവരെ 106 റണ്‍സും ടീമിന് സമ്മാനിച്ചു. എന്നാല്‍ അക്‌സര്‍ റണ്ണൗട്ടാവുകയും ഇശാന്ത് ശര്‍മ (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ ഒരോവറില്‍ പുറത്താവുകയും ചെയ്തതോടെ സുന്ദറിന് അര്‍ഹമായ സെഞ്ചുറി നഷ്ടമായി. ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിന് ഇറങ്ങും മുമ്പ് രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. ബ്രിസ്‌ബേനിലെ അരങ്ങേറ്റ ടെസ്റ്റില്‍ ഓസീസിനെതിരെ 62 റണ്‍സ് നേടി. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ പുറത്താവാതെ 85 റണ്‍സെടുത്തു.
അവസരത്തിനൊത്ത് ഉയര്‍ന്ന് പന്ത്
പ്രതിസന്ധി ഘട്ടത്തില്‍ ഒരിക്കല്‍കൂടി റിഷഭ് പന്ത് ഇന്ത്യക്ക് തുണയായി. രണ്ടാംദിനം അവസാനിക്കുന്നതിന് മുമ്പ് പന്ത് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. താരത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയായിരുന്നുവത്. 82 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഗിയര്‍ മാറ്റി ആക്രമണത്തിലേക്ക് തിരിഞ്ഞ പന്ത് അടുത്ത 32 പന്തില്‍ സെഞ്ചുറിയിലെത്തി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സിക്‌സിന് പറത്തിയാണ് പന്ത് ടെസ്റ്റ് കരിയറിലെ മൂന്നാമത്തെയും സ്വദേശത്തെ ആദ്യത്തെയും സെഞ്ചുറി കുറിച്ചത്. 118 പന്തില്‍ രണ്ട് സിക്‌സും 13 ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.
മുന്‍നിരയില്‍ തിളങ്ങിയത് രോഹിത് മാത്രം
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ (49) മാത്രമാണ് പിടിച്ചുനിന്നത്. ക്രീസില്‍ പാറപോലെ ഉറച്ചുനിന്ന താരം 144 പന്തുകളില്‍ നിന്നാണ് താരം 49 റണ്‍സ് നേടിയത്. ഏഴ് ബൗണ്ടറികള്‍ മാത്രമാണ് ഇന്നിങ്സില്‍ ഉണ്ടായിരുന്ന. പൊതുവെ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കാറുള്ള രോഹിത് ഇത്തവണ ക്ഷമ കാണിച്ചു. ചേതേശ്വര്‍ പൂജാര (17), വിരാട് കോലി (0), അജിന്‍ക്യ രഹാനെ (27) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. പൂജാര, ജാക്ക് ലീച്ചിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കോലിയാവട്ടെ, സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന് ക്യാച്ച് നല്‍കി മടങ്ങി. രഹാനെ ആന്‍ഡേഴ്‌സണിന്റെ പന്തില്‍ ഒരിക്കല്‍കൂടി കീഴടങ്ങി. ശുഭ്മാന്‍ ഗില്ലിനെ ആദ്യ ദിവസം തന്നെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു.
സ്പിന്‍ ചുഴിയില്‍ വീണ് ഇംഗ്ലണ്ട്
നേരത്തെ സ്പിന്നര്‍മാരുടെ പ്രകടനമാണ്ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചിന് 144 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മൂന്നാം സെഷില്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 61 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാനിച്ചു. സ്റ്റോക്‌സിനെ നഷ്ടമായതിന് ശേഷം ഡാനിയേല്‍ ലോറന്‍സ് (46)ഒല്ലി പോപ്പ് (29) അല്‍പനേരം ചെറുത്തു നിന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.അക്സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്നും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. സിറാജിന് രണ്ട് വിക്കറ്റുണ്ടായിരുന്നു. സ്റ്റോക്‌സ് (55) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കരുതലോടെയാണ് താരം കളിച്ചത്. 121 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി.