ഗുണ്ടാപ്പക, ബോംബെറിഞ്ഞ ശേഷം വീട്ടമ്മയെ വെട്ടിക്കൊന്നു

0
301

കാട്ടൂർ (തൃശൂർ): ഗുണ്ടാനേതാവിന്റെ ഭാര്യയെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി നന്തനാത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് (43) മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. പ്രദേശവാസിയും നിരവധി ക്രമിനൽ കേസുകളിൽ പ്രതിയുമായ ദർശന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വീട്ടിലേക്ക് നാടൻ ബോംബെറിഞ്ഞ ശേഷം മാരകയുധങ്ങളുമായെത്തി ലക്ഷ്മിയെ വെട്ടിക്കൊന്നത്. ദേഹമാസകലം വെട്ടേറ്റ ലക്ഷ്‌മി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ദിവസം ഹരീഷും ദർശനുമായി വാക്കേറ്റവും സംഘട്ടനവും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹരീഷിനെതിരെ കാട്ടൂർ പൊലീസ് കേസും എടുത്തു. പിന്നാലെ ഹരീഷ് ഒളിവിൽപ്പോയി. ഹരീഷിനെ കേസിൽ കുടുക്കിയ ദർശനനെ വകവരുത്താൻ ലക്ഷ്മി,​ ഹരീഷിന്റെ സംഘത്തിൽപ്പെട്ട ഒരാളോട് ആവശ്യപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഇതറിഞ്ഞാണ് ദർശൻ തന്റെ കൂട്ടാളികളുമായി ഹരീഷിന്റെ വീട്ടിലെത്തിയത്. അക്രമികൾ മുറ്റത്ത് നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയ ലക്ഷ്മി ദർശനനെയും സംഘത്തെയും കണ്ട് രക്ഷപ്പെടാനായി ഓടി. എന്നാൽ അക്രമികൾ ലക്ഷ്‌മിയെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ദർശൻ കുപ്രസിദ്ധഗുണ്ട കായിക്കുരുവിന്റെ കൂട്ടാളിയാണ്. നേരത്തെ തൃപ്രയാർ ഭാഗത്ത് താമസിച്ചിരുന്ന ഹരീഷും കുടുംബവും എതാനും വർഷം മുമ്പാണ് കാട്ടൂരിലേക്ക് താമസം മാറിയത്. ഈ പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ പതിവാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here