മുംബൈ: ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടിയെന്ന സൂചനകള്‍ വീണ്ടും സജീവമായി. 2022 സീസണിലേക്ക് രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തുന്നതിനായുള്ള ലേലം മെയ് മാസത്തില്‍ ബിസിസിഐ പൂര്‍ത്തിയാക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ പങ്കെടുത്ത കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിങ്ങനെ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ നിലവിലുള്ളത്.
‘അടുത്ത വര്‍ഷം മുതല്‍ 10 ടീമുകളുണ്ടാകും. മെയ് മാസത്തോടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കും’ എന്നും ബിസിസിഐ ഉന്നതന്‍ പിടിഐയോട് വെളിപ്പെടുത്തി. ഐപിഎല്ലിലേക്ക് ഈ സീസണില്‍ പുതിയ ടീമുകള്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ബിസിസിഐ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. കേരളത്തില്‍ നിന്ന് പുതിയ ടീമിന് സാധ്യതകളുണ്ടോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.
ഐപിഎല്‍ പതിനാലാം സീസണിന് ഏപ്രില്‍ ഒമ്പതിന് മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തോടെ തുടക്കമാകും. ചെന്നൈ, അഹമ്മദാബാദ്. ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിങ്ങനെ ആറ് വേദികളിലായാണ് ലീഗ് മത്സരങ്ങള്‍. പ്ലേ ഓഫിന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം വേദിയാവും. 56 മത്സരങ്ങളുള്ള സീസണ്‍ മെയ് 30ന് അവസാനിക്കും. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ജേതാക്കള്‍.