ഈ പാമ്പ് ചിരിപ്പിച്ച് കൊല്ലും; മൂന്ന് സ്മൈലി ഇമോജിയുമായി ഒരു പാമ്പ്; വിറ്റത് 4.37 ലക്ഷം രൂപയ്ക്ക്

0
272

പാമ്പിനെ പേടിയുള്ളവരായിരിക്കും കൂടുതൽ. പാമ്പ് എന്ന് കേൾക്കുമ്പഴേ ജീവനും കൊണ്ട് ഓടുന്നവരും പേടിച്ച് ഒരടി പോലും അനങ്ങാൻ കഴിയാത്തവരുമൊക്കെ നമുക്കിടയിലുണ്ട്. എന്നാൽ ഒരു പാമ്പിനെ കണ്ടാൽ ചിരി വന്നാലോ? ശരീരം മുഴുവൻ ഇമോജികളോടുകൂടിയ പാമ്പിനെയാണ് മുന്നിൽ കാണുന്നതെങ്കിൽ എങ്ങനെയുണ്ടാകും?

അങ്ങനെയൊരു പാമ്പിനെയാണ് സ്നേക് ബ്രീഡറായ ജസറ്റിൻ കൊബിൽക എന്നയാൾ ഉണ്ടാക്കിയിരിക്കുന്നത്. ഇമോജിയോടുകൂടിയ പാമ്പിനെ ഉണ്ടാക്കി എല്ലാവരേയും ചിരിപ്പിക്കാം എന്ന് ഉദ്ദേശിച്ചായിരുന്നില്ല ജസ്റ്റിന്റെ ശ്രമം, ഉണ്ടാക്കി വന്നപ്പോൾ ഇങ്ങനെ സംഭവിച്ചു പോയതാണ്. എന്തായാലും അതുകൊണ്ട് നഷ്ടമൊന്നും ജസ്റ്റിന് ഉണ്ടായിട്ടില്ല, കൂടാതെ നല്ല ലാഭവും.

സംഭവം ഇങ്ങനെയാണ്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്നേക് ബ്രീഡിങ്ങാണ് ജേക്ക് കൊബിൽക്കയുടെ ജോലി. കടുത്ത സ്വർണ മഞ്ഞ നിറവും വെളളയും ചേർന്നുള്ള ഒരു സുന്ദരൻ പാമ്പിനെ സൃഷ്ടിക്കണമെന്നായിരുന്നു ജസ്റ്റിന്റെ വലിയ ആഗ്രഹം. ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. അങ്ങനെയുള്ള ശ്രമങ്ങൾക്കൊടുവിലാണ് ഇമോജിയോടു കൂടിയ പാമ്പ് പിറന്നത്. ജസ്റ്റിൻ ആഗ്രഹിച്ചതു പോലെ സ്വർണ മഞ്ഞയും വെള്ളയുമെല്ലാം പാമ്പിന്റെ ദേഹത്തുണ്ട്, പക്ഷേ, വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. മൂന്ന് സ്മൈലി ഇമോജിയുടെ ആകൃതിയിൽ മഞ്ഞ നിറത്തിലുള്ള പാടുകളാണ് പാമ്പിന്റെ ദേഹത്തുള്ളത്.

റിസീസിവ് മ്യൂട്ടേഷനിലൂടെ ഇത്തരം പാറ്റേണുകൾ സംഭവിക്കാമെങ്കിലും പ്രകൃതിയിൽ ഇതുപോലൊരു പാമ്പിനെ ആരും കണ്ടെത്താൻ സാധ്യതയില്ലെന്നാണ് ജസ്റ്റിൻ പറയുന്നത്. എന്തായാലും ജസ്റ്റിന്റെ ശ്രമം ചെറുതായൊന്ന് പാളിയെങ്കിലും ഇമോജിയോടു കൂടിയുള്ള പാമ്പ് കാരണം ലാഭം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിട്ടുള്ളൂ.

4.37 ലക്ഷം രൂപയ്ക്കാണ് ജസ്റ്റിൻ പാമ്പിനെ വിറ്റത്. മാത്രമല്ല, മൂന്ന് സ്മൈലി ഇമോജിയുള്ള പാമ്പ് സോഷ്യൽമീഡിയയിലും താരമായിരിക്കുകയാണ്. പാമ്പിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കഴിഞ്ഞു.

തന്റെ 20 വർഷത്തെ കരിയറിനിടയിൽ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് ജസ്റ്റിൻ പറയുന്നു. ഓരോ ഇരുപത് മൃഗങ്ങളിലും ഒന്നിന്റെ ദേഹത്തെങ്കിലും ഒരു ഇമോജി അടയാളങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഒരു പോലെയുള്ള മൂന്ന് ഇമോജികളുള്ള പാമ്പിനെ താൻ ആദ്യമായിട്ടാണ് കാണുന്നതെന്ന് ജസ്റ്റിൻ.

LEAVE A REPLY

Please enter your comment!
Please enter your name here