ദില്ലി: പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗീർപുരിയില്‍ 15 വയസുകാരിയുടെ വിവാഹം തടഞ്ഞ് വനിത കമ്മീഷന്‍ ബാലവിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. അജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്ഥലത്തെയിപ്പോഴാണ് ബാലവിവാഹം നടക്കുന്നതായി കണ്ടെത്തിയത്.
പതിനഞ്ച് വയസുകാരിയെ കുടുംബം ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ദില്ലി പൊലീസിന്‍റെ സഹായം തേടിയെങ്കിലും പ്രതികരണം ഉണ്ടായില്ല, തുടര്‍ന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സ്റ്റേഷനിലെത്തി പൊലീസുമായി വിവാഹ സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കല്യാണ മണ്ഡപത്തിലേക്ക് വരനെത്തുന്നതിന് തൊട്ടു മുമ്പായാണ് വനിതാകമ്മീഷന്‍ സംഘം എത്തിയത്. പെണ്‍കുട്ടിയോട് സംഘം വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. തനിക്ക് 15 വയസ് ആണെന്ന് പെൺകുട്ടി പറഞ്ഞു. അമ്മയും പ്രായം സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവാഹം തടഞ്ഞ് വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെയും വിവാഹ ചടങ്ങിനെത്തിയവരെയും പൊലീസ് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
രാജ്യത്ത് ബാലവിവാഹങ്ങൾ നടക്കുന്നുണ്ടെന്നും അത് വളരെ ദുഖകരമാണെന്നും ദില്ലി ഡിസിഡബ്ല്യു മേധാവി സ്വാതി മാലിവാൾ പ്രസ്താവനയിൽ പറഞ്ഞു. ഈ പെൺകുട്ടികളുടെ കുട്ടിക്കാലം തട്ടിയെടുത്തവരെ ശിക്ഷിക്കണം. അതിനായി എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സ്വാതി പറഞ്ഞു.