ഹൈക്കോടതി ജഡ്ജി വി ഷേര്‍സിയുടെ കാറിന് നേരെ കരിഓയില്‍ ആക്രമണം; പിന്നില്‍ ജസ്‌നയുടെ ബന്ധു

0
179

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് മേല്‍ കരി ഓയില്‍ ഒഴിച്ചു. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ ബന്ധുക്കളില്‍ ഒരാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ജസ്റ്റിസ് ഹൈക്കോടതിയിലേക്ക് വരുന്ന വഴിമധ്യേയാണ് സംഭവം. ജസ്‌നയുടെ ബന്ധുവായ കോട്ടയം സ്വദേശി ആര്‍ രഘുനാഥന്‍ കയ്യില്‍ കരുതിയ കരി ഓയില്‍ കാറിന് നേരെ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പ്ലക്കാഡ് ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തു.

ഉടന്‍തന്നെ ഹൈക്കോടതിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ രഘുനാഥനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ജസ്‌നയുടെ തിരോധാനത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ഹൈക്കോടതിയില്‍ ബന്ധുക്കള്‍ പുതിയ ഹേബിയസ് കോര്‍പസ് പരാതി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍നിന്നും തുടര്‍ നടപടികളുണ്ടായിരുന്നില്ല. ഹര്‍ജി സമര്‍പ്പിച്ചതിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി ഹരിഗണിക്കാതിരുന്നത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധം ബന്ധുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയായിരുന്നു.

ജസ്നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്നയുടെ പിതാവ് പറഞ്ഞു. ബിഷപ്പ് മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് ജസ്നയുടെ പിതാവ് കത്ത് കൈമാറി.

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞെന്നും അന്വേഷണം ഉടന്‍ ഫലം കാണുമെന്നും നേരത്തെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞിരുന്നു. ജസ്നയുടെ യാത്രാവിവരങ്ങള്‍, ആരൊക്കെയായി ബന്ധപ്പെട്ടു, കുടുംബം-സുഹൃത്ത് ബന്ധം തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അന്വേഷണരീതിയില്‍ പുരോഗതിയുണ്ട്. സത്യം ഉടന്‍ പുറത്തുവരുമെന്നും സൈമണ്‍ പറഞ്ഞിരുന്നു.

2018 മാര്‍ച്ച് 20നാണ് ജസ്നയെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തിരോധാനം സംബന്ധിച്ച് േേഅന്വഷണം നടത്തി. എന്നാല്‍ ജസ്നയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. ഒപ്പം നിരവധി വ്യാജവാര്‍ത്തകളും പ്രചരിച്ചു. ജസ്നയോട് സാദൃശ്യമുള്ളവരുടെ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ‘ബംഗളൂരില്‍ ജസ്നയെ കണ്ടെത്തി, തമിഴ്നാട് സേലത്ത് കത്തിക്കരിഞ്ഞ മൃതദേഹം ജസ്നയുടെതാണ്, മലപ്പുറത്തും കോട്ടക്കലിലും ജസ്നയെ കണ്ടു’ തുടങ്ങിയവ വ്യാജകഥകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

ജസ്നയുടെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളും ചിലര്‍ നടത്തി. ‘അടുത്തബന്ധുവില്‍ നിന്ന് ജസ്ന ഗര്‍ഭം ധരിച്ചു, ആണ്‍കുഞ്ഞിന് ജന്മം നല്‍കി തുടര്‍ന്ന് വീട്ടുകാര്‍ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി’യെന്നും നാട്ടുകാരില്‍ ചിലര്‍ പ്രചരിപ്പിച്ചു. ജസ്നയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും ജസ്നയെ സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here