തയ്പ്പിച്ച ഷർട്ട് പാകമാകാത്തതിനെ തുടർന്ന് 65-കാരനായ ടൈലറെ കഴുത്തു ഞെരിച്ചുകൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. തയ്യൽ ജോലിക്കാരനായിരുന്ന തന്റെ പിതാവ് അബ്ദുൽ മാജിദ് ഖാനെ സലീം എന്നയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അബ്ദുൽ നദീം ഖാൻ എന്നയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തന്റെ പിതാവ് തയ്ച്ച ഷർട്ട് പാകമാകാത്തതിൽ സലീം ക്രുദ്ധനായിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് റായ് ബറേലി എസ്.പി ശ്ലോക് കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.