രണ്ട് സർവേകളും എതിരാണെങ്കിലും കോൺഗ്രസിന് സന്തോഷം; ഒന്നുമില്ലായ്‌മയിൽ നിന്ന് ഇതുവരെ എത്തിയില്ലേന്ന് നേതൃത്വം

0
215

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്ത് രണ്ട് പ്രീ പോൾ സർവേകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് സർവേകളും എൽ.ഡി.എഫിന് ഭരണതുടർച്ചയാണ് പ്രവചിക്കുന്നത്. അനുകൂല ഫലമല്ലെങ്കിലും അത് യു.ഡി.എഫിനും കോൺഗ്രസിനും ആത്മവിശ്വാസം പകരുന്നു എന്നാണ് വിവരം.

ആദ്യ സർവേ പ്രകാരം ഇടതുമുന്നണി തന്നെ അധികാരത്തിൽ തുടരും. ചുരുങ്ങിയത് 72 സീറ്റുകളും പരമാവധി 78 സീറ്റുകളും എൽ.ഡി.എഫിന് ലഭിക്കുമെന്നാണ് കണക്ക്. യു.ഡി.എഫിന് 65 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്.

രണ്ടാമത്തെ സർവേ പ്രകാരം എൽ.ഡി.എഫിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിച്ചേക്കാം. യു.ഡി.എഫിന് 62 മുതൽ 72 വരെ സീറ്റുകൾ ലഭിക്കുമെന്നും പറയുന്നുണ്ട്. ബി.ജെ.പിയ്ക്ക് പരാമധി ഒന്നോ രണ്ടോ സീറ്റുകൾ കിട്ടിയേക്കും എന്നാണ് പ്രവചിക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് 47 സീറ്റുകളിൽ മാത്രമായിരുന്നു. പല ഘടകക്ഷികൾക്കും നിയമസഭ കാണാൻ പോലും സാധിച്ചിരുന്നില്ല. മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞത് ലീഗിന് മാത്രമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെങ്കിലും ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ വെറും 39 മണ്ഡലങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് ലീഡുളളത്. അതിൽ തന്നെ പലയിടത്തും നേരിയ ലീഡ് മാത്രമാണുളളത്.

തിരിച്ചടി കാരണം ദയനീയ സ്ഥിതിയിലായിരുന്നു കേരളത്തിലെ യു.ഡി.എഫ്. അതു വച്ച് നോക്കുമ്പോൾ ഇപ്പോൾ പുറത്തു വരുന്ന സർവേ ഫലങ്ങൾ യു.ഡി.എഫിന് വലിയ ആശ്വാസം പകരുന്നതല്ലേ എന്നാണ് ചർച്ചകൾ. അത്തരത്തിൽ പരിശോധിച്ചാൽ, രണ്ട് സർവേ ഫലങ്ങളും യു.ഡി.എഫിന് അനുകൂലമാമെന്ന് വിലയിരുത്തേണ്ടി വരുമെന്നാണ് നേതാക്കൾ പറയുന്നത്.

സംസ്ഥാനത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്നാണ് സർവേ ഫലങ്ങൾക്ക് ശേഷം കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി അടക്കമുളള ലീഗ് നേതാക്കളും സർവേയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും മലബാറിലെ ലീഗ് സ്വീധീന മേഖലകളിൽ സി.പി.എം കടന്നുകയറ്റം നടത്തുമെന്ന പ്രവചനം ആശങ്കയോടെയാണ് ലീഗ് നേതൃത്വം കാണുന്നത്.തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഇതിനെ മറികടക്കാൻ മുസ്ലീം ലീഗിന് കഴിയുമെന്നും അതിനുളള സംഘടനാ സംവിധാനം അവർക്കുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

കഴിഞ്ഞ തവണ 87 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ആകെ ജയിക്കാനായത് 22 സീറ്റുകളിൽ ആയിരുന്നു. 24 സീറ്റിൽ മത്സരിച്ച മുസ്ലീം ലീഗിന് 18 ഇടത്തും. സർവേ പ്രവചനങ്ങൾ പ്രകാരം ഇത്തവണ യു.ഡി.എഫ് 59 മുതൽ 72 സീറ്റുകൾ വരെ നേടിയേക്കുമെന്നാണ്. അങ്ങനെയെങ്കിൽ സീറ്റുകളുടെ എണ്ണം കൂടുക കോൺഗ്രസിനായിരിക്കും എന്നാണ് വിലയിരുത്തൽ. വടക്കൻ കേരളത്തിലെ സാമുദായിക സമവാക്യങ്ങൾ മാറിമറിയുന്നത് ലീഗിന് തിരിച്ചടിയാകാനും സാദ്ധ്യതയുണ്ട്.

ഒന്നുമില്ലായ്‌മയിൽ നിന്ന് പിടിച്ചുകയറാൻ കോൺഗ്രസിനും യു.ഡി.എഫിനും ലഭിച്ച അവസരമാണ് ഈ രണ്ട് സർവേകളും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ വിമർശനം സി.പി.എം നേതാക്കളും ഉന്നയിക്കുന്നുണ്ട്. ശക്തമായ മത്സരം കാഴ്ചവച്ചാൽ കേവല ഭൂരിപക്ഷത്തിനുളള 71 സീറ്റുകൾ സ്വന്തമാക്കാൻ സാധിക്കും എന്നൊരു സാദ്ധ്യത കൂടി രണ്ട് സർവേകളും മുന്നോട്ട് വയ്‌ക്കുന്നുണ്ട്. സർവേ ഫലങ്ങൾ പ്രവർത്തകർക്കും നേതാക്കൾക്കും ഊർജ്ജം നൽകുമെന്നും പറയുന്നു. സർ‌വേയെ എതിർക്കുന്ന നേതാക്കൾ പോലും മറ്റൊരു തരത്തിൽ സന്തോഷം പ്രകടിപ്പിക്കുകയാണ്.

ഉമ്മൻ ചാണ്ടിയെ യു.ഡി.എഫ് നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഗുണം ചെയ്യും എന്ന ആത്മവിശ്വാസവും സർവേ വർദ്ധിപ്പിക്കുന്നുണ്ട്. മദ്ധ്യകേരളത്തിൽ നഷ്‌ടപ്പെട്ട ക്രൈസ്‌തവ വോട്ടുകൾ തിരികെ എത്തുമെന്ന പ്രതീക്ഷയും സർവേ വഴി യു.ഡി.എഫിന് ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here