പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആണ് സംഭവം. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്.
പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു ഷാഹിദ. ഈ സമയത്ത് ഇവരുടെ ഭർത്താവും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരും വിവരമറിഞ്ഞത്.
എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു.