തെലുഗു വാർത്താ ചാനലായ എ.ബി.എൻ ആന്ധ്രാജ്യോതിയിലെ ലൈവ് ചർച്ചക്കിടെ ബി.ജെ.പി നേതാവിനു നേരെ ചെരിപ്പേറ്. ബി.ജെ.പി ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിഷ്ണുവർധനു നേരെയാണ് പാനലിസ്റ്റുകളിൽ ഒരാൾ ചെരിപ്പൂരി എറിഞ്ഞത്.
അമരാവതി പ്രൊജക്ടുകൾക്കായി 3000 കോടി സംഭരിക്കുന്നതിനുള്ള സർക്കാർ ഗ്യാരണ്ടി നീട്ടാനുള്ള ആന്ധ്രാ സർക്കാറിന്റെ തീരുമാനം സംബന്ധിച്ചായിരുന്നു ചർച്ച. മുൻ മുഖ്യമന്ത്രിമാർ ലോണെടുക്കാൻ വേണ്ടി വിമാനയാത്ര നടത്തുകയും അത് പരസ്യം ചെയ്യുകയുമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് പറഞ്ഞതിനു പിന്നാലെ അമരാവതി പരിരക്ഷണ സമിതി ജോയിന്റ് ആക്ഷൻ കമ്മിറ്റി പ്രതിനിധി കോലിക്കാപുടി ശ്രീനിവാസ റാവു പ്രതിഷേധം പ്രകടിപ്പിച്ചു. ശ്രീനിവാസ റാവു തെലുഗുദേശം പാർട്ടിയുടെ വക്താവാണെന്ന് വിഷ്ണുവർധൻ ആരോപിച്ചതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം ആരംഭിച്ചു.
തർക്കം മൂത്തതോടെ ശ്രീനിവാസ റാവു കാലിൽ അണിഞ്ഞിരുന്ന ചെരിപ്പെടുത്ത് ന്യൂസ് സ്റ്റുഡിയോയിൽ തനിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവിന് നേരെ എറിയുകയായിരുന്നു. ഇതോടെ വിഷ്ണുവർധൻ സീറ്റിൽ നിന്നെഴുന്നേറ്റ് റാവുവിനു നേരെ വന്നു. സംഭവം കൈവിട്ടു പോവുകയാണെന്നു കണ്ട ആങ്കർ വെങ്കട കൃഷ്ണ ബ്രേക്കെടുക്കുകയായിരുന്നു.
സ്റ്റുഡിയോയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ എ.ബി.എൻ ആങ്കർ പ്രേക്ഷകരോട് മാപ്പുപറഞ്ഞു. ബി.ജെ.പി നേതാവ് നിയമനടപടിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ സഹകരിക്കുമെന്നും ചാനൽ വ്യക്തമാക്കി.