കര്‍ഷകര്‍ക്ക് നേരെ വാളുപയോഗിക്കാന്‍ പറഞ്ഞിട്ടില്ല; ഒരു വിഭാഗം തന്നിഷ്ടപ്രകാരം ചെയ്തത്; വിശദീകരണവുമായി ദല്‍ഹി പൊലീസ്

0
190

ന്യൂദല്‍ഹി:  കര്‍ഷക പ്രതിഷേധം നേരിടുന്നതിന് വേണ്ടി സേനയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്ന് ദല്‍ഹി പൊലീസ്. വാളുകളും ഷീല്‍ഡുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. ചിത്രത്തിന് പിന്നിലുള്ളവരോട് വിശദീകരണം ചോദിക്കുമെന്നും ദല്‍ഹി പൊലീസ് വ്യക്തമാക്കി.

ചിത്രത്തില്‍ കാണുന്ന പൊലീസുകാര്‍ ദല്‍ഹിയിലെ ഒരു ഭാഗത്തുനിന്നുള്ളവര്‍ മാത്രമാണെന്നും അവര്‍ സ്വയം മുന്‍കയ്യെടുത്തതാണെന്നും ദല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് മെറ്റല്‍ വെപ്പണ്‍ ഉപയോഗിക്കാനുള്ള ഔദ്യോഗിക ഉത്തരവുകള്‍ ഒന്നുമില്ലെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.

വാളുമായി നിന്ന  ഷഹദാരയില്‍ നിന്നുള്ള യൂണിറ്റിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരോട് അനുവാദം വാങ്ങിക്കാതെയാണ് ഇത്തരത്തില്‍ ഒരു നീക്കം നടന്നതെന്നും ദല്‍ഹി പൊലീസ് വക്താവ് പറഞ്ഞു.

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ വലിയ രീതിയിലുള്ള തയ്യാറെടുപ്പ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് വാളേന്തി നില്‍ക്കുന്ന പൊലീസുകാരുടെ ചിത്രം പുറത്തുവന്നത്. കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ദല്‍ഹി പൊലീസ് സേനയില്‍ പുതിയ മാറ്റം വരുത്തി എന്നായിരുന്നു റിപ്പോര്‍ട്ട്.

കര്‍ഷകര്‍ വാളുകളും വടികളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്നും ഇത് തടയാന്‍ പൊലീസ്  വാളുകളും ഷീല്‍ഡും ഉപയോഗിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
പ്രതിഷേധക്കാരെ പൊലീസുകാരില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന രീതിയിലാണ് വാളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വാളുകളെക്കാള്‍ ഇരട്ടി നീളമുള്ളവയാണ് ഇവ.

ചിത്രം പുറത്തുവന്നതിന് വന്നതിന് പിന്നാലെ വിമര്‍ശനവുമായി നിരവധിപേര്‍  രംഗത്തുവന്നിരുന്നു. ഇത്തരം തയ്യാറെടുപ്പ് ചൈനാ ബോര്‍ഡില്‍ കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രദേശത്ത് ചൈന കടന്നുകയറില്ലായിരുന്നു എന്നായിരുന്നു വിഷയത്തില്‍ അഭിഭാഷകനായ  പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here