കയ്യിൽ നിൽക്കുമോ ? കേരളത്തിലെ 100 മണ്ഡലങ്ങളിൽ മൂന്ന് ടീമിനെ വച്ച് സർവേ നടത്തിയ കോൺഗ്രസ് ഹൈക്കമാന്റിന് കിട്ടിയ റിപ്പോർട്ടിലെ സൂചനകൾ

0
174

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എമാരുടെ എണ്ണം ഇപ്പോഴത്തെ 21ൽ നിന്ന് അമ്പതിനപ്പുറത്തേക്ക് കടത്തുകയെന്ന വെല്ലുവിളി അതിജീവിക്കാൻ എ.ഐ.സി.സി കഠിനാദ്ധ്വാനത്തിൽ. 90 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ് നേരിട്ട് മത്സരിക്കുമെന്ന കണക്കുകൂട്ടലിൽ, 100 മണ്ഡലങ്ങളിൽ അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ എ.ഐ.സി.സിയുടെ നേതൃത്വത്തിൽ മൂന്ന് ഏജൻസികളുടെ രഹസ്യ സർവേകൾ പൂർത്തിയായി.

കെ.പി.സി.സി മുഖേന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ സമർപ്പിച്ച സാദ്ധ്യതാ പട്ടികയിലെ പേരുകൾക്ക് പുറമേ, ഓരോ മണ്ഡലത്തിലും പേരുകളൊന്നും പറയാതെ ജനകീയ പരിവേഷമുള്ളവരെ കണ്ടെത്താനാണ് സർവ്വേകളിലൂടെ ശ്രമിച്ചതെന്നാണ് വിവരം. ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ സ്ഥാപിത താല്പര്യങ്ങൾ ഇക്കുറി പാർട്ടി സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കില്ലെന്ന കർശന മുന്നറിയിപ്പ് ഹൈക്കമാൻഡ് നൽകിയതിന് പിന്നാലെയാണ്, സർവേയിലേക്കും കോൺഗ്രസ് കടന്നത്. കൊൽക്കത്ത, മുംബയ്, ബംഗളുരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മൂന്ന് ഏജൻസികളെയാണ് സർവേയ്ക്കായി ചുമതലപ്പെടുത്തിയത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്ന് പരമാവധി ജനപ്രതിനിധികളെ നിയമസഭയിലേക്കെത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അസാദ്ധ്യമാണെന്നാണ് വിലയിരുത്തൽ. മലപ്പുറത്ത് മുസ്ലിംലീഗിന് അപ്രമാദിത്വമാണ്. കോഴിക്കോട് ജില്ലയിലും ലീഗിന് മേൽക്കൈയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ലീഗ് കഴിഞ്ഞാൽ ചില മണ്ഡലങ്ങളിൽ കോഴിക്കോട്ട് ഇടതിനാണ് മേൽക്കൈ. കൂടുതൽ സീറ്റുകൾ ആ ജില്ലയിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. കണ്ണൂർ ജില്ലയിലും ഏറിയാൽ മൂന്ന് സീറ്റ് വരെയാണ് പ്രതീക്ഷ. കാസർകോട്ട് അഞ്ച് മണ്ഡലങ്ങളുള്ളതിൽ ലീഗിനാണ് രണ്ട് സിറ്റിംഗ് സീറ്റുകളുള്ളത്. അവശേഷിച്ചവയിൽ ഉദുമയിൽ മാത്രമാണ് കോൺഗ്രസിന് അല്പമെങ്കിലും പ്രതീക്ഷ വയ്ക്കാവുന്നത് . പാലക്കാട് ജില്ലയിൽ പരമാവധി രണ്ട് മുതൽ നാല് വരെ സീറ്റുകൾ നേടാനായേക്കും. വയനാട്ടിൽ രണ്ടോ, ചിലപ്പോൾ മൂന്നുമോ നേടാനായേക്കാം.

കൊല്ലം, ആലപ്പുഴ ജില്ലകൾ ഇപ്പോഴത്തെ സ്ഥിതിയിൽ കടുകട്ടിയാണ്. നാടാർ ക്രിസ്ത്യൻ സംവരണമേർപ്പെടുത്തിയതോടെ ,തിരുവനന്തപുരം ജില്ലയിലെ തെക്കൻമണ്ഡലങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതും വെല്ലുവിളിയാണ്. ആകർഷണീയ മുഖങ്ങളെ പരീക്ഷിച്ചാലേ പോരാടി നേടാനാവൂ. ഇടത് കോട്ടയായിരുന്ന തൃത്താല യുവാവായ വി.ടി.ബൽറാമിനെയും, പാലക്കാട് യുവാവായ ഷാഫി പറമ്പിലിനെയും ഇറക്കി 2011ലും, പറവൂർ വി.ഡി. സതീശനെ ഇറക്കി 2001ലും പിടിച്ചെടുത്തതും ഹൈക്കമാൻഡ് നോക്കിക്കാണുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here