80 കോടിയുടെ കറണ്ട് ബിൽ കണ്ട വൃദ്ധൻ ബോധം കെട്ട് വീണു, ഇലക്ട്രിസിറ്റി ബോർഡിന്റെ വിശദീകരണം കേട്ടപ്പോൾ ബന്ധുക്കളും ഞെട്ടി

0
239

മുംബയ്: കറണ്ടുബിൽ കണ്ട ഷോക്കിൽ ബി പി കൂടി കുഴഞ്ഞുവീണ 80കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നളസോപാറ സ്വദേശി ഗണപത് നായിക്കിനെയാണ് കറണ്ട് ബിൽ ആശുപത്രിയിലാക്കിയത്. ധാന്യങ്ങൾ പൊടിപ്പിക്കുന്ന മിൽ നടത്തിപ്പുകാരനായ ഗണപതിന് ലഭിച്ചത് 80കോടിയുടെ കറണ്ട് ബില്ലായിരുന്നു.

കഴിഞ്ഞദിവസമാണ് ഗണപതിന് ബിൽ ലഭിച്ചത്. ബിൽ തുകയിലേക്ക് ഒരു തവണ നോക്കിയപ്പോൾ തന്നെ അദ്ദേഹം ഒന്ന് ഞെട്ടി. വായിച്ചതിലെ തെറ്റാണെന്ന് കരുതി ഒന്നുകൂടി നോക്കി. അതോടെ ബോധം കെട്ട് വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയവരാണ് ഗണപതിനെ ആശുപത്രിയിലാക്കിയത്. ബോധം വീണപ്പോഴാണ് ബിൽ തുകയുടെ കാര്യം അദ്ദേഹം മക്കളോട് പറഞ്ഞത്. ബിൽ കണ്ട ഞെട്ടലിൽ ഹൃദ്‌രോഗി കൂടിയായ ഗണപതിന്റെ ജീവന് ഒന്നും സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

വർഷങ്ങളായി മിൽ നടത്തുകയാണെങ്കിലും ഇത്രയും ഉയർന്ന തുകയ്ക്കുള്ള ബിൽ ഒരിക്കലും ലഭിച്ചിട്ടില്ലെന്നാണ് ഗണപത് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതിബോർഡ് അധികൃതർക്ക് പരാതിനൽകിയിട്ടുണ്ട്. സ്വാഭാവികമായുണ്ടാകുന്ന ഒരു പിഴവാണിതെന്നും ഉടൻതന്നെ ബിൽ തിരുത്തി നൽകുമെന്നുമാണ് അധികൃതർ പറയുന്നത്. അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചുളള ആലോചനയിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here