ചെന്നൈയില്‍ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവും കൂടിയ രണ്ടാമത്തെ തുകയ്ക്ക് വിറ്റുപോയ താരമാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടില്‍ കെയില്‍ ജാമിസണ്‍. 15 കോടി രൂപയെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ലേല സമയത്ത് 15 കോടി രൂപ എന്നത് ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് പിടിയില്ലാതെ നില്‍ക്കുകയായിരുന്നു താനെന്ന് ജാമിസണ്‍ പറഞ്ഞു.
‘അര്‍ധ രാത്രിയില്‍ ഞാന്‍ എഴുന്നേറ്റ് ഫോണ്‍ നോക്കി. ലേലത്തില്‍ എന്റെ പേര് വരുന്നത് വരെയുള്ള കാത്തിരിപ്പ് ഭയങ്കരമായിരുന്നു. 15 കോടി രൂപ എന്നാല്‍ ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് എനിക്ക് അറിയില്ല. ന്യൂസിലാന്‍ഡ് ഡോളറിലേക്ക് എങ്ങനെ കണക്കാക്കണം എന്നും അറിയില്ല. പണത്തേക്കാളുപരി കോഹ്‌ലിക്കും ഡിവില്ലിയേഴ്‌സിനും മാക്‌സ്വെല്ലിനുമെല്ലാം കളിക്കാനാകുന്നതാണ് എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നത്’ ജാമിസണ്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിന്റെ മുന്‍ പരിശീലകനായ മൈക്ക് ഹെസനാണ് ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍. ഹെസന്റെ താല്‍പ്പര്യമാണ് ജാമിസണെ ടീമിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്.ആറടി എട്ടിഞ്ചുകാരനായ ജാമിസണെ ഏത് പിച്ചിലും മികച്ച ബൗണ്‍സ് കണ്ടെത്താനാവുമെന്നതാണ് ശ്രദ്ധേയനാക്കുന്നത്.
ന്യൂസിലന്‍ഡിലെ ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ 2019ല്‍ നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ജാമിസണിന്റെ മികച്ച പ്രകടനം. നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള തായാറെടുപ്പിലാണ് ജാമിസണ്‍.