ന്യൂഡൽഹി: സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റിൽ വൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങി പ്രധാന മേഖലകളിൽ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചു. ബജറ്റിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങൾക്ക് വില കുറയും.
സ്വർണത്തിനും വെള്ളിയ്ക്കും വില കുറയും. കൂടാതെ വൈദ്യുതി ചെരുപ്പ്, ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, നൈലോൺ തുണി എന്നിവയ്ക്കും വില കുറയും. പെട്രോളിനും ഡിസലിനും കാർഷിക സെസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്‌സൈസ് നികുതി കുറയ്ക്കും എന്നതിനാൽ ഇന്ധനവിലയിൽ വർദ്ധനവുണ്ടാകാൻ സാദ്ധ്യതയില്ല.
ലെതർ ഉത്പന്നങ്ങൾ, ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈൽ ഭാഗങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, അമൂല്യ കല്ലുകൾ, രത്‌നങ്ങൾ, സോളാർ സെല്ല് എന്നിവയ്ക്ക് വില കൂടും. ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായാണ് വില കൂടുന്നത്. എന്നാൽ മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല.