വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണെ നീക്കിയാണ് സച്ചിന്‍ ബേബിയെ നായകനാക്കിയത്. വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കീഴില്‍ കേരളം മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് സഞ്ജുവിന്റെ നായകസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
അതേസമയം സഞ്ജുവിനെ നായകസ്ഥാനത്തു നിന്ന് നീക്കിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്തു വന്നു. അല്‍പ്പത്തരം നാശത്തിനാണെന്നാണ് തരൂര്‍ പറഞ്ഞത്. സഞ്ജുവിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിനെ വിമര്‍ശിച്ചതിനൊപ്പം, ബേസില്‍ തമ്പി, കെ എം ആസിഫ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താതെ വിട്ടതിനേയും തരൂര്‍ ചോദ്യം ചെയ്യുന്നു.
ഈ മാസം 20 മുതല്‍ ആറ് വേദികളിലായാണ് വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. 6 ടീമുകള്‍ വീതം ഉള്‍പ്പെട്ട 5 എലീറ്റ് ഗ്രൂപ്പുകളും 8 ടീമുകള്‍ ഉള്‍പ്പെട്ട പ്ലേറ്റ് ഗ്രൂപ്പിലുമായാണ് പ്രാഥമിക മത്സരങ്ങള്‍. എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം.
എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, രോഹന്‍ എസ് കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, എം ഡി നിധീഷ് തുടങ്ങിയവര്‍ ടീമിലുണ്ട്.