ന്യൂയോർക്ക്: മുസ്‌ലിങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്.
മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തി.
ഭരണകക്ഷിയായ ബി.ജെ.പി പൊലീസ്, കോടതികള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ പ്രാപ്തരാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആക്രമണങ്ങളില്‍ നിന്ന് മുസ്‌ലിങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് മാത്രമല്ല, വര്‍ഗീയതയ്ക്ക് രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ എച്ച്.ആര്‍.ഡബ്ല്യു സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യന്‍ സര്‍ക്കാറിന്റെ നയങ്ങളും നടപടികളും ന്യൂനപക്ഷങ്ങളെ ഉന്നംവെച്ചുകൊണ്ടുള്ളത് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ദല്‍ഹി കലാപത്തിന്റെ ഒന്നാം വാര്‍ഷകത്തിലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.