ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ച് ശിവസേനക്കാർ (വീഡിയോ)

0
198

സോലാപൂർ: മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ച് ശിവസേന പ്രവർത്തകർ. സോലാപൂരിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് ബി.ജെ.പി നേതാവിനെ അക്രമിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തതായും എല്ലാവരെയും അറസ്റ്റ് ചെയ്തതായും സൊലാപൂർ പൊലീസ് അറിയിച്ചു.

ശിരിഷ് കടേക്കർ എന്ന ബി.ജെ.പി നേതാവിനെയാണ് ശിവസേന പ്രവർത്തകർ പിടിച്ചുനിർത്തി തലവഴി കരിഓയിൽ ഒഴിച്ചത്. തുടർന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുകയും നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് കടേക്കറിനെ കരിഓയിൽ അഭിഷേകം നടത്തിയതെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പുരുഷോത്തം ബർഡെ എന്ന ശിവസേനാ പ്രവർത്തകൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇതിന്റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്നും ഇയാൾ പറഞ്ഞു.

ഉദ്ധവ് താക്കറെയെ വിമർശിക്കുന്നവരെ ശിവസേന പ്രവർത്തകർ മുമ്പും ആക്രമിച്ചിട്ടുണ്ട്. താക്കറെയെ പരിഹസിക്കുന്ന കാർട്ടൂൺ ഷെയർ ചെയ്തതിന് മുൻ നാവികസേനാ ഓഫീസർ മദൻ ശർമയെ കഴിഞ്ഞ വർഷം ആറ് ശിവസേന പ്രവർത്തകർ മർദിച്ചിരുന്നു. സംഭവത്തെ തുടർന്ന് ആറു പേർ അറസ്റ്റിലായി. താൻ ബി.ജെ.പിയിൽ ചേരുന്നതായി ഇതിനു പിന്നാലെ മദൻ ശർമ വ്യക്തമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here