ബാറ്റും കൈയിലേന്തി ക്രീസില്‍ കുഴഞ്ഞു വീണു; ക്രിക്കറ്റ് താരത്തിന് കളിക്കളത്തില്‍ അകാലമരണം (വീഡിയോ)

0
246

പുനെ: ക്രിക്കറ്റ് കളിക്കിടെ ക്രീസിൽ കുഴഞ്ഞു വീണ് ക്രിക്കറ്റ് താരത്തിന് അകാല മരണം. ബുധനാഴ്ചയാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. പുനെ ജില്ലയിലെ ജുന്നാർ ടെഹ്സിലിൽ വച്ചു നടന്ന കളിക്കിടെ ആയിരുന്നു ദാരുണാന്ത്യം. ബാറ്റേന്തി കളിക്കാൻ ഒരുങ്ങുമ്പോൾ വയ്യായ്ക അനുഭവപ്പെട്ടതിനെ തുടർന്ന് നിലത്തേക്ക് ഇരുന്ന താരം ഉടൻ തന്നെ പിന്നിലേക്ക് മറിഞ്ഞു വീണ്‌ മരിക്കുകയായിരുന്നു.

നാൽപത്തിയേഴ് വയസുള്ള ബാബു നാൽവാഡേയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജാധവ് വാഡി ഗ്രാമത്തിൽ നടന്ന പ്രാദേശിക ടൂർണമെന്റിനിടെ ആയിരുന്നു സംഭവം. കുഴഞ്ഞു വീണ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിക്കുന്നത് ഇത് ആദ്യ സംഭവമല്ല. 2019 ഒക്ടോബറിൽ പാകിസ്ഥാനിലെ കറാച്ചിയിൽ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ അംപയർ മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു. പാകിസ്ഥാനിലെ കറാച്ചിയിൽ പ്രാദേശിക ക്ലബ് ടൂർണമെന്‍റിനിടെയാണ് സംഭവം. കറാച്ചി ടി എം സി മൈതാനത്ത് നടന്ന അഭിഭാഷകരുടെ മത്സരം നിയന്ത്രിക്കുന്നതിനിടെ ആണ് അംപയർ നസീം ഷെയ്ക്കിന് ഹൃദയാഘാതം സംഭവിച്ചത്.
മത്സരത്തിൽ ഒന്നാം അംപയർ ആയി നിൽക്കവെയാണ് നസീം ഷെയ്ഖ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കളിക്കാർ ഓടിയെത്തി ഇദ്ദേഹത്തെ താങ്ങി എടുത്തു. സംഘാടകർ ഇടപെട്ട് ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞവർഷം മാർച്ചിൽ മസ്കറ്റിൽ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞു വീണ് കണ്ണൂർ സ്വദേശിയായ മുഹമ്മദ് സഹീർ മരിച്ചിരുന്നു. ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദായാഘാതമായിരുന്നു മരണകാരണം.

LEAVE A REPLY

Please enter your comment!
Please enter your name here