ഔറംഗാബാദ് : നീണ്ട പതിനെട്ട് വർഷം പാകിസ്ഥാനിലെ ജയിലിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരി തിരികെ ജന്മനാട്ടിലെത്തി ഒരു മാസത്തിനകം മരണപ്പെട്ടു. ഹൃദയാഘാതം നിമിത്തമാണ് 65കാരിയായ ഹസീന ബീഗം മരണപ്പെട്ടത്. കഴിഞ്ഞ ജനുവരി 26നാണ് ഹസീന തിരികെ ജന്മനാടായ ഔറംഗബാദിലെത്തിയത്. തന്റെ ഭർത്താവിന്റെ ബന്ധുക്കളെ കാണുന്നതിനായി പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ലാഹോറിൽ പോയതാണ് ഹസീനയ്ക്ക് വിനയായത്. പാകിസ്ഥാനിൽ വച്ച് പാസ്‌പോർട്ടും മറ്റ് സാധനങ്ങളും നഷ്ടമായതിനെ തുടർന്നാണ് ഇവർ ജയിലിലായത്. ലാഹോറിലുള്ള ഭർത്താവിന്റെ ബന്ധുക്കളുടെ പേരുവിവരങ്ങൾ ഓർമ്മയില്ലാത്തതിനാൽ കോടതിയിൽ ഇവർക്ക് കാര്യങ്ങൾ വ്യക്തമാക്കാനായില്ല. ഇതാണ് നീണ്ട ജയിൽവാസത്തിന് കാരണമായത്.
പാകിസ്ഥാനിൽ സന്ദർശന വിസയിൽ പോയ ഹസീന ബീഗം മടങ്ങിവരാത്തതിനെ തുടർന്ന് ഇന്ത്യയിലുള്ള ബന്ധുക്കൾ സർക്കാർ മുഖേന നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് ജയിൽ മോചനത്തിന് വഴിവച്ചത്. ജനുവരി 26 റിപബ്ളിക്ക് ദിവസമാണ് ഹസീന തിരികെ ഇന്ത്യയിലെത്തിയത്. എന്നാൽ വിധി അവർക്ക് കൂടുതൽ കാലം ജന്മനാട്ടിൽ താമസിക്കുവാനുള്ള അവസരം നിഷേധിക്കുകയായിരുന്നു.