നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, മാസ്കിട്ട് യാത്ര; കർഷക രോഷത്തില്‍ വിറച്ച്‌ ബിജെപി

0
163

ചണ്ഡിഗഡ് ∙ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രമുള്ളപ്പോൾ, കർഷക സമരം തിരിച്ചടിയാകുമെന്ന ഭയത്തിൽ ബിജെപി. നേതാക്കളുടെ കൊഴിഞ്ഞുപോക്കാണു പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. ജനുവരിയിൽമാത്രം പ്രമുഖ സിഖ് നേതാവ് മൽവിന്ദർ സിങ് കാങ് ഉൾപ്പെടെ ഇരുപതിലേറെ നേതാക്കൾ പാർട്ടി വിട്ടു. സമരക്കാരെ പേടിച്ചു വാഹനങ്ങളിൽനിന്നു പാർട്ടി പതാക മാറ്റിയാണു പുറത്തിറങ്ങുന്നതെന്നു മുതിർന്ന ബിജെപി നേതാക്കൾ പറയുന്നു.

‘അവർ ഞങ്ങളെ പിന്തുടരുകയാണ്’ എന്നാണു സമരക്കാരെ കുറിച്ചു ജലന്ധറിലെ മുതിർന്ന ബിജെപി നേതാവ് രമേഷ് ശർമ പറയുന്നത്. 2015ൽ അകാലിദളുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ അവരേക്കാൾ മികച്ച പ്രകടനമാണു ബിജെപി പുറത്തെടുത്തത്. ഇപ്പോഴാകട്ടെ, മൂന്നിൽരണ്ട് സീറ്റുകളിലും സ്ഥാനാർഥികളെ കണ്ടെത്താനോ ബാക്കിയുള്ളിടത്ത് പ്രചാരണം നടത്താനോ ആകാത്ത സ്ഥിതിയാണ്. ജനുവരി 26ലെ ആക്രമണങ്ങൾ വിശദീകരിച്ചു സംസ്ഥാനത്തുടനീളം യാത്രകൾ നടത്താൻ ആലോചിച്ചിരുന്നതും അനിശ്ചിതത്വത്തിലായി.

‘ഞങ്ങളെ എവിടെ കണ്ടാലും കർഷകർ ഘെരാവോ ചെയ്യുകയാണ്’ എന്നു പറയുന്നു, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ രമേഷ് ശർമ. ഇതിനു പിന്നിൽ കോൺഗ്രസാണെന്ന കുറ്റപ്പെടുത്തലുമുണ്ട്. ബിജെപി നേതാക്കളുടെ വീടിനു മുന്നിൽ കർഷകർ പ്രതിഷേധം സംഘടിപ്പിക്കുന്നതും വലിയ തലവേദനയാണ്. ഫെബ്രുവരി 14ന് 8 മുനിസിപ്പൽ കോർപറേഷനിലെയും 109 മുനിസിപ്പൽ കൗൺസിലിലെയും 2302 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ രോഷം പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ കർഷകർ കാണുമെന്നാണു നേതാക്കളുടെ ഭയം.

ഏറെക്കാലം സഖ്യത്തിലായിരുന്ന അകാലിദൾ കാർഷിക നിയമങ്ങളെച്ചൊല്ലി ബന്ധം പിരിഞ്ഞതും ബിജെപിക്കു ക്ഷീണമാണ്. പ്രതിഷേധം ആളിക്കത്തിക്കുന്നതിൽ അകാലിദളിനും പങ്കുണ്ട്. ഭൂരിഭാഗംപേരും സമരത്തിനായി ഡൽഹി അതിർത്തിയിലേക്കു പോയിരിക്കെ, തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങിയ കോൺഗ്രസ് സർക്കാരിനെതിരെയും അമർഷമുണ്ട്. തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താൻപോലും കർഷകർ സമ്മതിക്കുന്നില്ലെന്നാണു ബിജെപിയുടെ വിലാപം. നേട്ടമെടുക്കാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ തെറ്റുമെന്നും നഗരവോട്ടുകൾ പാർട്ടിക്ക് ഉറപ്പാണെന്നും ബിജെപി അവകാശപ്പെടുന്നു.

ഹരിയാനയിലും കർഷകരുടെ രോഷച്ചൂട് അറിയുകയാണു ബിജെപി. ‘ആരാണു വീടിനു പുറത്ത് ആദ്യമിറങ്ങുകയെന്ന കളിയിൽ ഏർപ്പെട്ടിരിക്കുകയാണ്’ എന്നാണ് ഒരു മന്ത്രിയുടെ പ്രതികരണം. സമരത്തിന്റെ ആദ്യനാളുകളിൽ നിയമങ്ങളെ അനുകൂലിച്ചു പൊതുയോഗങ്ങൾ നടത്തിയ ബിജെപിക്ക് പ്രതിഷേധം ശക്തമായതോടെ അതൊന്നും ആലോചിക്കാൻ പോലുമാകുന്നില്ല.

സഖ്യകക്ഷിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പാർട്ടിയുമായ ജെജെപിക്കു നേരെയും പ്രതിഷേധമുണ്ട്. ബിജെപി–ജെജെപി നേതാക്കളുടെ പൊതുയോഗങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലാണു കർഷകർ. മാസ്ക് ധരിച്ചും അടയാളങ്ങൾ പരമാവധി ഒഴിവാക്കിയുമാണു ബിജെപി നേതാക്കൾ പുറത്തിറങ്ങുന്നതെന്നു ജിന്ത് ജില്ലയിലെ കർഷകൻ രാജ് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here