തിരുവനന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാമദ്ധ്യേ ദുബൈയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാ അനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കൊവിഡ് കാരണം ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബൈ വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്.
ദുബായിൽ 14 ദിവസത്തെ ക്വാറന്റീൻ പൂര്‍ത്തിയാക്കിയ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ടുണ്ടായത്. ഇവര്‍ക്ക് താമസം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുക, സന്ദർശന വിസാ കാലാവധി കഴിഞ്ഞവർക്ക് അത് നീട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന പക്ഷം കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, യുഎഇയിലെ ഇന്ത്യൻ അംബാസിഡർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്.