ജാന്‍ത്സി: ഉത്തര്‍പ്രദേശില്‍ കോളേജ് വിദ്യാര്‍ത്ഥി ക്ലാസ് മുറിക്കുള്ളില്‍ വെച്ച് സഹപാഠിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിയെ ജാന്‍സിയിലാണ് സംഭവം. ത്രികോണ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ജാന്‍ത്സിയിലെ ബുന്ദൽഖണ്ഡ് കോളേജിലെ അവസാന വര്‍ഷ പിജി വിദ്യാർത്ഥിയായ മന്ദന്‍ സിംഗ് കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ് മുറിക്കുള്ളിൽ വെച്ച് സഹപാഠിക്ക് നേരെ വെടിയുതിർത്തത്. ഹുക്കുംചന്ദ് ഗുര്‍ജാന്‍ എന്ന യുവാവിനാണ് വെടിയേറ്റത്. ആക്രമണത്തിന് ശേഷം തന്‍റെ ക്ലാസില്‍ പഠിക്കുന്ന കൃതികാ ത്രിപാഠി എന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മന്ദന്‍ സിംഗ് പെണ്‍കുട്ടിയെയും കൊലപ്പെടുത്തുകയായിരുന്നു.
മൂന്ന് പേരും അവസാന വര്‍ഷ പിജി വിദ്യാര്‍ത്ഥികളാണ്. വെടിയേറ്റ ഹുക്കുംചന്ദ് ഗുര്‍ജാന്‍ എന്ന വിദ്യാര്‍ത്ഥി ഗരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. രണ്ട് യുവാക്കളും പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നും, ത്രികോണ പ്രണയം പുറത്തായതോടെയാണ് പ്രതി ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട മന്ദര്‍സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും നാടന്‍തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശം നല്‍കി.