14ാം സീസണിന് മുന്നോടിയായ നടന്ന താരലേലത്തില്‍ തന്നെ ആര്‍സിബി സ്വന്തമാക്കിയതിന് പിന്നാലെ വിരാട് കോഹ് ലി മെസേജ് അയച്ചെന്ന് വെളിപ്പെടുത്തി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കോഹ്‌ലിയുടെ മെസേജ് കണ്ടപ്പോള്‍ തന്നെ വികാരാധീനനാക്കി എന്നും താനത് എട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
‘ഐ.പി.എല്‍ ലേലം അവസാനിച്ച് രണ്ടു മിനിറ്റിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എനിക്കു മെസേജ് അയച്ചു. ‘ഞാന്‍ വിരാടാണ്, ആര്‍സിയിലേക്കു സ്വാഗതം, എല്ലാ ആശംസകളും നേരുന്നു’ എന്നായിരുന്നു സന്ദേശം. ഈ മെസേജ് കണ്ടപ്പോള്‍ ഞാന്‍ വളരെ വികാരാധീനനായി. കോഹ്‌ലി എനിക്കു മെസേജയക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത കാര്യമാണ്.’
‘ഞാന്‍ ഓപ്പണിംഗ് ബാറ്റ്സ്മാനാണ്. നന്നായി തുടങ്ങാനായാല്‍ ടീമിനു മികച്ച തുടക്കം നല്‍കാന്‍ എനിക്കു കഴിയും. ഈ തുടക്കം വലിയ സ്‌കോറാറാക്കി മാറ്റാനും എനിക്കാവും. അതേസമയം, ടീമിന് എന്താണോ ആവശ്യം അതു തന്നെയാണ് ഏറ്റവും പ്രധാനം. ടീമിന്റെ ആവശ്യമാണ് ഞാന്‍ ആദ്യം നോക്കാറുള്ളത്. എന്നില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത് നല്‍കാനാണ് ശ്രമിക്കാറുള്ളതും’ അസ്ഹറുദ്ദീന്‍ പറഞ്ഞു.
ചെന്നൈയില്‍ നടന്ന താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് 26കാരനായ താരത്തെ ആര്‍.സി.ബി വാങ്ങിയത്. സച്ചിന്‍ ബേബിയെയും അര്‍.സി.ബി ലേലത്തില്‍ വാങ്ങിയിരുന്നു. മലയാളിയായ ദേവ്ദത്ത് പടിക്കലാണ് നിലവില്‍ ആര്‍.സി.ബിയുടെ വിശ്വസ്ത ഓപ്പണര്‍. ദേവ്ദത്ത്-അസ്ഹറുദ്ദീന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് കോഹ്‌ലി പച്ചക്കൊടി കാട്ടുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.