കോണ്‍ഗ്രസ് സാധ്യതാ ലിസ്റ്റ് ആയി; തയ്യാറാക്കിയത് സ്വകാര്യ ഏജന്‍സികള്‍, രഹസ്യ സര്‍വേ നടത്തി

0
214

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കുന്ന യുഡിഎഫ് ഇത്തവണ 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് സൂചന. എഐസിസി നിയോഗിച്ച സ്വകാര്യ സര്‍വേ ഏജന്‍സികള്‍ ഹൈക്കമാന്‍ഡിന് നല്‍കിയത് 100 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയാണെന്നാണ് വിവരം.

71 സീറ്റ് മുന്നണിക്ക് നേടണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിക്കണമെന്നത് നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഇത്തവണ  മത്സരിക്കേണ്ട മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ആരൊക്കെ മത്സരിക്കണമെന്നുമുള്ള സാധ്യതാ പട്ടികയാണ് ഏജന്‍സികള്‍ ഹൈക്കമാന്‍ഡിന് നല്‍കിയിരിക്കുന്നത്. ജാതി- മത സമുദായ സമവാക്യങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക നല്‍കിയിരിക്കുന്നത്.

കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്‍സികളാണ് കോണ്‍ഗ്രസിന് വേണ്ടി രഹസ്യ സര്‍വേ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ പേരുള്‍പ്പെടെ പട്ടികയിലുണ്ടെന്നാണ് വിവരം. ഒരു മണ്ഡലത്തില്‍ കുറഞ്ഞത് മൂന്നുപേരുടെ സാധ്യതാ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ സൂഷ്മ പരിശോധന തുടങ്ങിയെന്നാണ് വിവരം. ഇത്തവണ ഗ്രൂപ്പുസമവാക്യങ്ങളല്ല, പകരം വിജയസാധ്യത മാത്രമേ നോക്കാവൂ എന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. ഇതനുസരിച്ചുള്ള സര്‍വേയാണ് നടന്നത്.

കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിക്കുകയും ഘടക കക്ഷികള്‍ 30 സീറ്റുകളോളം നേടുകയും ചെയ്താലേ യുഡിഎഫിന് ഭരണം ലഭിക്കുകയുള്ളുവെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 50 സീറ്റുകള്‍ നേടുകയെങ്കിലും വേണം. മലബാര്‍ മേഖലയില്‍ ലീഗിന് 20 ഓളം സീറ്റുകളില്‍ വിജയ സാധ്യതയുണ്ട്. ഇങ്ങനെ നോക്കിയാല്‍ 71 സീറ്റ് നേടി ഭരണം പിടിക്കാമെന്നാണ് വിലയിരുത്തുന്നത്.

സാധ്യതാ ലിസ്റ്റിലേക്ക് സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകളും സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിരുന്നു. ഇവരുടെ വിജയ സാധ്യതകൂടി പരിശോധിച്ചതിന് ശേഷമാണ് സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ പട്ടികയ്ക്ക് രൂപം കൊടുക്കും. ഇതിന് മുമ്പ് രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാന ജാഥ സമാപിക്കുന്ന മുറയ്ക്ക് അവസാനഘട്ട ആലോചനകള്‍ പാര്‍ട്ടി നേതൃത്വവുമായി ഉണ്ടാകുമെന്നാണ് വിവരം.

മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി, ഐ. സി ബാലകൃഷ്ണന്‍ എന്നിവര്‍ കൂടാതെ  ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നിലവിലെ മിക്ക എംഎല്‍എമാരും പട്ടികയിലുണ്ട്. ലതിക സുഭാഷ്, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സാധ്യതാ ലിസ്റ്റില്‍ ഉണ്ടെന്നാണ് സൂചന. പട്ടികയ്ക്ക് പുറമെ നിന്ന് ചില നേതാക്കളും അപ്രതീക്ഷിതമായി എത്തിയേക്കാം. വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇങ്ങനെ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

മൂന്ന് കാറ്റഗറിയായി മണ്ഡലങ്ങളെ തരം തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിക്കുമെന്നുറപ്പുള്ളതും നിര്‍ബന്ധമായും ജയിക്കേണ്ടതുമായ മണ്ഡലങ്ങളാണ് ഒന്ന്. എ ക്ലാസ് മണ്ഡലങ്ങളെന്ന് കരുതുന്ന ഇവിടെ കൃത്യമായ മേല്‍നോട്ടമുണ്ടാകും. ഈ മണ്ഡലങ്ങള്‍ വിജയിക്കണ്ടത് ഭരണത്തിലെത്താന്‍ അത്യാവശ്യമാണ്. 2016ല്‍ വിജയിച്ചതുള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ഇതില്‍ പെടും.  ശക്തമായി മത്സരം കാഴ്ചവെച്ചാല്‍ വിജയിക്കാവുന്ന മണ്ഡലങ്ങളാണ് ബി ക്ലാസിലുള്ളത്. എന്നാല്‍ എല്‍ഡിഎഫിന്റെയോ എന്‍ഡിഎയുടെയോ ഉറച്ച കോട്ടകളെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളാണ് സി ക്ലാസില്‍ വരിക.  കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളും ഇതില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here