കൊച്ചി: പ്രമുഖ കായിക താരം പി.ടി ഉഷയുടെ ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. എടപ്പാളില്‍ നടന്ന ബിജെപി ബൈക്ക് റാലിയുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകളിലേറെയും. ‘എടപ്പാള്‍ ഓട്ടത്തിനായി ബിജെപി പ്രവര്‍ത്തകരെ സജ്ജമാക്കിയത് പി.ടി ഉഷയാണെന്ന്’ ചിലര്‍ പരിഹസിക്കുന്നു.
അതേസമയം പി.ടി ഉഷയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബിജെപിയുടെ സംസ്ഥാന നേതാവിനെ ഉദ്ധരിച്ച് ദി ക്യൂവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെ കായിക-സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരെ പ്രചാരണത്തിനിറക്കി തെരഞ്ഞെടുപ്പില്‍ നിര്‍ണായക സാന്നിധ്യമാവാനാണ് ബിജെപിയുടെ ശ്രമം. ഇ. ശ്രീധരന് ഇന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നേരിട്ടെത്തിയാണ് ‘മെട്രോ മാന്റെ’ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമാ താരം കൃഷ്ണ കുമാറിന് ദേശീയ അധ്യക്ഷന്‍ നഡ്ഡ അംഗത്വം നല്‍കിയിരുന്നു.
പി.ടി ഉഷയെ തെരഞ്ഞെടുപ്പ് ക്യാംപെയ്നില്‍ സജീവമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുക. നേരത്തെ കര്‍ഷക സമരത്തിന് വിദേശത്ത് നിന്ന് ലഭിക്കുന്ന പിന്തുണയ്ക്കെതിരെ പി.ടി ഉഷ പ്രതികരിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരായ പ്രതികരണത്തില്‍ താരത്തിനെതിരെ വിമര്‍ശനവുമുണ്ടായി.