തൃശൂർ: കർണാടകത്തിൽ ബി ജെ പി ഭരണം പിടിക്കാൻ താഴെത്തലത്തിൽ നടത്തിയ പ്രവർത്തനം കേരളത്തിലും പയറ്റി അട്ടിമറി വിജയം ലക്ഷ്യമിട്ട് കർണാടക നേതാക്കൾ രംഗത്ത്. ആദ്യമായാണ് ഇത്രയധികം നേതാക്കളെ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവർത്തനങ്ങളെ കൂട്ടിയിണക്കാൻ ഇറക്കുന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പി അധികാരം പിടിച്ചെടുത്ത കർണാടകയിൽ നിന്നുള്ള നേതാക്കളിലൂടെ ബൂത്ത്തല പ്രവർത്തനം കൂടുതൽ സജീവമാക്കാനാണ് ലക്ഷ്യം.
സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയ്ക്ക് പുറമേ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മാത്രമായി മറ്റൊരു ടീമിനെയും കളത്തിലിറക്കിയിട്ടുണ്ട്. ബി.ജെ.പി അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് കർണാടക സ്വദേശിയാണ്. കർണാടകക്കാരനായ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ, സുനിൽ കുമാർ എം.എൽ.എ എന്നിവർക്ക് പുറമേ കോയമ്പത്തൂർ മുൻ എം.പി സി.പി രാധാകൃഷ്ണനും രംഗത്തുണ്ട്.എല്ലാ നേതാക്കളും ബൂത്ത് തലത്തിൽ പ്രവർത്തിക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്രനേതൃത്വം നൽകിയിരിക്കുന്നത്. കോർ കമ്മിറ്റി യോഗങ്ങൾ, മേഖലാ യോഗങ്ങൾ എന്നിവയ്ക്ക് പുറമേ, മണ്ഡലം തലത്തിലുള്ള യാത്രകളും ആരംഭിച്ചിട്ടുണ്ട്.