ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലില്‍ വികാരനിര്‍ഭരനായി പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ണുകള്‍ നിറഞ്ഞതോടെ മോദിക്ക് വാക്കുകള്‍ ഇടറുകയായിരുന്നു. പാര്‍ലമെന്റില്‍ ഗുലാം നബി ആസാദും മോദിയും തൊട്ടടുത്ത സീറ്റുകളിലാണ് ഇരിക്കുന്നത്. ഇരുവരും ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും മുഖ്യമന്ത്രിമാര്‍ ആയിരിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെക്കുമ്പോഴാണ് മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.
‘തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ കുടുങ്ങിയ ഗുജറാത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത പ്രയത്‌നം ഒരിക്കലും മറക്കില്ല. അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു….’ കണ്ണ് നിറഞ്ഞതോടെ മോദി സംസാരം നിര്‍ത്തി വീണ്ടും തുടരുകയായിരുന്നു.
#WATCH: PM Modi gets emotional while reminiscing an incident involving Congress leader Ghulam Nabi Azad, during farewell to retiring members in Rajya Sabha. pic.twitter.com/vXqzqAVXFT
— ANI (@ANI) February 9, 2021
‘അധികാരം വരികയും പോവുകയും ചെയ്യും. എന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം…’ ഇക്കാര്യം പറഞ്ഞുകൊണ്ട് മോദി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്യുകയായിരുന്നു.
‘വളരെ വികാര നിമിഷമായിരുന്നു. ആസാദ് സത്യസന്ധനായ സുഹൃത്താണ്. എനിക്ക് വര്‍ഷങ്ങളായി ഗുലാം നബി ആസാദിനെ അറിയാം. ആസാദ് രാഷ്ട്രീയമായി സജീവത്തില്‍ ഉണ്ടാവുകയും ഞാന്‍ മുഖ്യമന്ത്രി ആവാതിരുന്നതുമായ കാലത്തും ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഒരു പാഷനുണ്ട്. അത് എല്ലാവര്‍ക്കും അറിയില്ല. പുന്തോട്ടം നിര്‍മ്മാണത്തില്‍ അദ്ദേഹം തല്‍പരനാണ്.’ നരേന്ദ്രമോദി പറഞ്ഞു.
അതേസമയം ജമ്മുകശ്മീരില്‍നിന്നുള്ള രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ആസാദിനെ കേരളത്തില്‍നിന്ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കാണ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ആസാദിന്റെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ നിയമസഭ ഇല്ലാതായി. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ജമ്മുകശ്മീരില്‍നിന്നും രാജ്യസഭയിലേക്ക് പ്രതിനിധി ഉണ്ടാവില്ല. നാല് എംപിമാരുടെ കാലാവധിയാണ് ഇതോടെ അവസാനിക്കുന്നത്.
കേരളത്തില്‍ ഏപ്രിലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗുലാം നബി ആസാദിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഏപ്രിലോടെ കേരളത്തില്‍നിന്നും മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ ഒന്നില്‍ കോണ്‍ഗ്രസിനെ മത്സരിപ്പിക്കാനാവുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വയലാര്‍ രവിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്.