ബെംഗളൂരു: കേരളത്തില്‍ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതില്‍ നിലപാട് മയപ്പെടുത്തി കർണാടകം. നിയന്ത്രണങ്ങളില്‍ കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ മയപ്പെടുത്തിയത്.
സ്ഥിരം യാത്രക്കാർക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ പറഞ്ഞു. ജോലിക്കായും മറ്റും സ്ഥിരമായി അതിർത്തി കടന്നെത്തുന്നവരുടെ ശരീര ഊഷ്മാവ് മാത്രമേ പരിശോധിക്കുവെന്നും , ഇതിനായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ ആരോഗ്യവകുപ്പിനോട് നിർദേശിക്കുമെന്നും അശ്വന്ത് നാരായണന്‍ മംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്‍റെ മുന്‍ നിലപാട്. എന്നാല്‍ ഇത് കേന്ദ്രസർക്കാരിന്‍റെ അൺലോക്ക് നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി കാസർകോഡ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകന്‍ ഹർജി നല്‍കി.
ഇതിന് പിന്നാലെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. വിഷയത്തില്‍ വിശദീകരണം ആരാഞ്ഞ കോടതി സര്‍ക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. കേസ് ഇനി മാർച്ച് അഞ്ചിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.