വീണ് പരിക്കേറ്റ മകൻ മരിച്ചു, മുറിവിൽ മഞ്ഞൽപൊടി വിതറി മരിച്ചത് അറിയാതെ രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന് അമ്മ

0
358

മുംബൈ: മദ്യലഹരിയിൽ കുളിമുറിയിൽ വീണ് തലക്ക് പരിക്കേറ്റ് മരിച്ച മകന്‍റെ മൃതദേഹത്തിന് രാത്രി മുഴുവൻ കാവലിരുന്ന് വയോധിക. മരിച്ചത് അറിയാതെയാണ് 70കാരി മൃതദേഹത്തിന് രാവിലെ വരെ കാവലിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യപിച്ച് മേഘാലയ സ്വദേശിയായ 42 കാരൻ മുംബൈയിലെ വീട്ടിലെ കുളിമുറിയിൽ വീണത്. തറയിൽ വീണ ഇയാളുടെ തലക്ക് ഗുരുതര പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്നു.

അനക്കമില്ലാതെ കുളിമുറിയിൽ പരിക്കേറ്റ് കിടക്കുന്ന ഇയാളെ അമ്മ തന്നെയാണ് വലിച്ച് പുറത്തെത്തിച്ചത്. തളർന്ന് കിടപ്പിലായ ഇളയ മകന്‍റെ അടുത്ത് കിടത്തി മുറിവിൽ മഞ്ഞൾപൊടി വിതറുകയും ചെയ്തു. തുടർന്ന് മരിച്ചത് അറിയാതെ മകൻ അൽപ്പം കഴിഞ്ഞ് എഴുനേൽക്കുമെന്ന് കരുതി രാവിലെ വരെ ഉറക്കമൊഴിച്ച് കൂട്ടിരുന്നു.

എന്നാൽ രാവിലെയും എഴുനേൽക്കാതായതോടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസാണ് മൃതദേഹം സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ലോക്ഡൗണിനെ തുടർന്ന് കുടുംബം സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോലി നഷ്ടപ്പെട്ട ഇയാൾ മദ്യത്തിന് അടിമയായിരുന്നെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here