കൊടിയത്തൂർ (കോഴിക്കോട്): ഉറക്കത്തിലായിരുന്ന ഇരുപതുകാരിയെ ഭർത്താവ് കഴുത്തിനും തലയ്ക്കും കുത്തിക്കൊലപ്പെടുത്തി. മലപ്പുറം ഒതായി ചൂളാട്ടിപ്പാറ സ്വദേശിനി മുഹ്സിലയ്ക്കാണ് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. പ്രതി ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ ഷഹീറിനെ (30) അയവാസികൾ പിടികൂടി മുക്കം പൊലീസിൽ ഏല്പിച്ചു. യുവാവ് കുറ്റം സമ്മതിച്ച് മൊഴി നൽകിയിട്ടുണ്ട്. സംശയരോഗമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതിയുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. പുലർച്ചെ കിടപ്പുമുറിയിൽ നിന്ന് നിലവിളി കേട്ട് ഷഹീറിന്റെ പിതാവ് കുട്ട്യാലിയും മാതാവ് റുഖിയയും ഓടിയെത്തിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിളിച്ചു വരുത്തി. അവർ ഒച്ചവച്ചതോടെ ഷഹീർ വാതിൽ തുറപ്പോൾ മുഹ്സില രക്തത്തിൽ കുളിച്ച് പിടയുന്നതാണ് കണ്ടത്. ഷഹീർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയൽപക്കക്കാർ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മുഹ്സിലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആറു മാസം മുമ്പായിരുന്നു ഷഹീറിന്റെയും മുഹ്സിലയുടെയും വിവാഹം. മൂന്ന് വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത ഷഹീർ ഒരു വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് പെയ്ന്റിംഗ് ജോലിയ്ക്ക് പോവുകയായിരുന്നു. എന്നാൽ, വിവാഹശേഷം അപൂർവമായേ ജോലിയ്ക്ക് ഇറങ്ങിയിരുന്നുള്ളൂ. തീരാത്ത സംശയത്തിൽ വീട്ടിൽ തന്നെ കൂടുകയായിരുന്നു. ഭാര്യ മൊബൈലിൽ സംസാരിക്കുന്നതു കണ്ടാൽ പോലും സംശയമായിരുന്നുവെന്ന് പറയുന്നു.
വീട്ടിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇളയ മകനായ ഷഹീറിന്റെ താമസം. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുഹസിലയുടെ കബറടക്കം ഒതായി ചൂളാട്ടിപ്പാറ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.