തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെ മറ്റൊരു ശബ്ദരേഖ കൂടി പുറത്ത്. തൊഴിൽതട്ടിപ്പിലെ പരാതിക്കാരനുമായി സരിത നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് ഭരിക്കുന്ന പാർട്ടിക്കാരാണെന്ന് പുതിയ ശബ്ദരേഖയിൽ സരിത പറയുന്നു. പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്നും ആ അവസരം മുതലാക്കി പിഴിയുകയാണെന്നും സരിത ഇടനിലക്കാരനോട് പറയുന്നുണ്ട്. വാങ്ങുന്ന പണം പാർട്ടി ഫണ്ടിലേക്കും ഉദ്യോഗസ്ഥർക്കുമാണെന്നും സരിത പറയുന്നുണ്ട്.
എന്നാൽ ശബ്ദരേഖ തന്റേതല്ലെന്നാണ് സരിതയുടെ നിലപാട്. അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ തിരിച്ചടിച്ചു.
ബെവ്ക്കോ- കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാർ മുഖേന സോളാർ കേസിലെ പ്രതി സരിത നായർ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് ജോലി വാങ്ങി നൽകിയെന്ന് പറയുന്ന സരിതയുടെ ശബ്ദരേഖ ഇന്നലെ പുറത്ത് വന്നിരുന്നു.