ബജറ്റിൽ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ഇടിഞ്ഞു, ഇനി സ്വർണക്കടത്തും കുറയാൻ സാധ്യത

0
247

കൊച്ചി: സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റിൽ ഇന്ന് പ്രഖ്യാപിച്ചതോടെ സ്വർണവില കുറയുന്നതിന് വഴിയൊരുങ്ങി. 12.5 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 7.5 ശതമാനമാക്കിയാണ് കുറച്ചതെങ്കിലും സ്വർണത്തിന് സാമൂഹിക ക്ഷേമ സെസ് ഏർപ്പെടുത്തിയതിനാൽ ഫലത്തിൽ പത്ത് ശതമാനം സെസായിരിക്കും ഇനി സ്വർണത്തിന് നൽകേണ്ടിവരിക.

രാജ്യത്തിൻ്റെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ ശക്തമായി മാറിയ സ്വർണക്കടത്തിനെ ഒരു വലിയ പരിധി വരെ തടയാൻ സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നത് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജോർജ്ജ് മത്തായി  പറഞ്ഞു. സ്വർണത്തിൻ്റെ ഇറക്കുമതിചുങ്കം അഞ്ച് ശതമാനം കുറച്ചെങ്കിലും രണ്ടര ശതമാനം സാമൂഹിക സെസ് ഏർപ്പെടുത്തിയതിനാൽ വിലയിൽ പ്രതീക്ഷിച്ചതിലും പകുതി കുറവേ ലഭിക്കൂ.

ഉയർന്ന നികുതി കാരണം വൻതോതിൽ ഇന്ത്യയിലേക്ക് സ്വർണക്കടത്ത് നടക്കുന്നുണ്ട്. ഇതിനെ തകർക്കാനുള്ള ഒരേഒരു മാർഗ്ഗം പരമാവധി നികുതിയും ചുങ്കവും കുറയ്ക്കുക എന്നതാണ്. ആഗോളവിലയ്ക്ക് ആനുപാതികമായി വേണം ഇന്ത്യയിലേയും സ്വർണത്തിൻ്റെ വില എങ്കിൽ മാത്രമേ സ്വർണക്കടത്തിലൂടെ ഉണ്ടാവുന്ന വരുമാന നഷ്ടം തടയാനും ബ്ലാക്ക് മാർക്കറ്റ് പൊളിക്കാനും സാധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനത്തിൽ നിന്നും 10 ശതമാനമാക്കി കുറച്ച ബജറ്റ് പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻ്റ് പി.അബ്ദുൾ നാസർ പറഞ്ഞു. . സ്വർണത്തിൻ്റെ വില കുറയാനും സ്വർണക്കടത്ത് കുറയാനും ഇതു വഴിയൊരുക്കും.  ബജറ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ വൈകിട്ട് മൂന്ന് മണിയോടെ സ്വർണ വിലയിൽ കുറവ് വന്നിട്ടുണ്ട്. പവന് നാന്നൂറ് രൂപയോളം ഇന്നിപ്പോൾ കുറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിൻ്റെ വിശദവിവരങ്ങൾ ലഭിച്ചാൽ സ്വർണവിലയിൽ ഇനിയും കുറവ് വരാനാണ് സാധ്യത – അബ്ദുൾ നാസർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here