പൈവളികെ സൗരോര്‍ജ വൈദ്യുതി നിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

0
217

പൈവളിക: സൗരോര്‍ജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മന്‍ഗളയിലെ 250 ഏക്കറില്‍ സ്ഥാപിച്ച 50 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി നിലയം ഓണ്‍ലൈന്‍ വഴി രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാസര്‍കോടിന് ശുദ്ധവും ഹരിതവുമായ ഊര്‍ജം സമര്‍പ്പിക്കുകയാണെന്നും ഇന്ത്യ സൗരോര്‍ജ വൈദ്യുതിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇന്ത്യയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ 30 ഇരട്ടി വര്‍ദ്ധനവ് ഉണ്ടായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ഓണ്‍ലൈന്‍ വഴി മുഖ്യാതിഥികളായി.

കേരളത്തിന്റെ ഊര്‍ജ മേഖലയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വന്‍ കുതിച്ചു ചാട്ടം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് അമ്പലത്തറയില്‍ 50 മെഗാ വാട്ട് സൗരോര്‍ജ പദ്ധതി 2017ല്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ പൈവളിഗെയില്‍ 50 മെഗാ വാട്ട് പദ്ധതി കൂടി യഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ആര്‍.കെ. സിങ്, കേന്ദ്ര ഗാര്‍ഹിക നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ, ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡ് സി.എം.ഡി. ഡി.വി. സിംഗ്, ആര്‍.പി.സി.കെ.എല്‍ സി.ഇ.ഒ. അഗസ്റ്റിന്‍ തോമസ്, ടി.എച്ച്.ഡി.സി. ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.സി. കനൗജിയ, ഡയറക്ടര്‍മാരായ ജെ. ബെഹ്‌റ, ആര്‍.കെ. വിഷ്‌ണോയ് എന്നിവര്‍ സംബന്ധിച്ചു.

കാസര്‍കോട് ജില്ലയില്‍ പൈവളിഗെ, മീഞ്ച, ചിപ്പാര്‍ വില്ലേജുകളില്‍ കെ.എസ്.ഇ.ബി മുഖേന സര്‍ക്കാര്‍ നല്‍കിയ 250 ഏക്കറില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ച ഏകദേശം 288 കോടി രൂപയിലാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡ് പദ്ധതി യഥാര്‍ത്ഥ്യമാക്കിയത്. പദ്ധതിയില്‍ 165149 മള്‍ട്ടി ക്രിസ്റ്റലിന്‍ സോളാര്‍ പി.വി. മോഡ്യൂളുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. കിലോ വാട്ട് അവറിന് 3.10 രൂപയ്ക്കാണ് ഈ വൈദ്യുതി കരാര്‍ പ്രകാരം കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്നത്. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി രണ്ട് 33 കെ.വി. ഫീഡറുകള്‍ വഴി കുബനൂര്‍ 110 കെ.വി. സബ്‌സ്റ്റേഷനിലെത്തിച്ച് അവിടെ സ്ഥാപിച്ച 25 എം.വി.എ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ വഴിയാണ് പ്രസരണം നടത്തുന്നത്. ടാറ്റാ പവര്‍ സോളാര്‍ ആണ് പദ്ധതി നിര്‍മ്മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here