മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2വിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ സംഭാവന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ. സിനിമയിലെ ഒരു രംഗത്തെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ സർക്കാരിന്റെ വികസനോന്മുഖ നയത്തെ പുകഴ്ത്തുന്നത്.
സിനിമയിൽ ഗണേഷ്‌കുമാർ അവതരിപ്പിക്കുന്ന പൊലീസുകാരൻ കേസന്വേഷണവുമായി ബന്ധപ്പെട്ട് നാട്ടുകാരെ ചോദ്യം ചെയ്യാനായി എത്തുന്നതും മോഹൻലാലിന്റെ ജോർജ്ജുക്കുട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അവരിലൊരാൾ നൽകുന്ന ഉത്തരത്തിലെ ഒരു പരാമർശവുമാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
നാട്ടുകാരനുമായി സംസാരിക്കുന്നതിനിടെ മുമ്പിലുള്ള ഒരു റോഡിലേക്ക് ചൂണ്ടിക്കാട്ടി അതെങ്ങോട്ടാണ് പോകുന്നതെന്ന് ഗണേഷിന്റെ സിഐ കഥാപാത്രം ചോദിക്കുന്നു. അത് ജോർജ്ജുക്കുട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള കുറുക്കുവഴിയാണെന്നും ആ റോഡ് ടാര്‍ ചെയ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂവെന്നും നാട്ടുകാരൻ ഉത്തരം നൽകുകയും ചെയ്യുന്നുണ്ട്.
പണ്ട്(ആറ് വർഷങ്ങൾക്ക് മുമ്പ്) ആ റോഡ് വളരെ മോശമായിരുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്. പിണറായി സർക്കാരിന്റെ വികസന നേട്ടത്തെയാണ് ഈ രംഗം സൂചിപ്പിക്കുന്നത് എന്നാണു സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. മുമ്പ് മോശമായിരുന്ന റോഡ് പിണറായി സർക്കാർ വന്നതോടെ നന്നായി എന്നും ഇവർ സൂചിപ്പിക്കുന്നു.
സിനിമയിലെ ഈ സീൻ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുകയാണ്. സിനിമയിലെ സീനിനൊപ്പം സംസ്ഥാന സർക്കാരിന്റെ ‘ഇനിയും മുന്നോട്ട്’ വീഡിയോ ഭാഗം കൂടി എഡിറ്റ് ചെയ്ത് ചേർത്തിട്ടുമുണ്ട്. ഒറ്റപ്പാലം എംഎൽഎ പി ഉണ്ണിയും ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ‘നവകേരളം’ എന്ന ഇമേജ് കാർഡ് കൂടി ചേർത്തുകൊണ്ടാണ് ഇക്കാര്യം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.