പിഡിപി സംസ്ഥാന നേതാവ് ഉസ്മാന്‍ കാച്ചടി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

0
239

മലപ്പുറം: പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ഉസ്മാന്‍ കാച്ചടി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.

കഴിഞ്ഞ 27 വര്‍ഷക്കാലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിഡിപിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ഉസ്മാന്‍ കാച്ചടി പറഞ്ഞു. ഇരുമുന്നണികള്‍ക്കെതിരെയും സമരവും പ്രചരണങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച പിഡിപി പിന്നീട് മുന്നണികളോട് തരാതരം സന്ധിയാവുന്ന ദയനീയ അവസ്ഥയാണ് ഉണ്ടായത് . ദളിത് പിന്നോക്ക ന്യൂനപക്ഷ ഐക്യവും അവര്‍ണന്റെ അധികാര പങ്കാളിത്തവും ചര്‍ച്ച ചെയ്ത് മുഖ്യ ധാരയിലേക്ക് പ്രവേശിച്ച പി.ഡി.പി പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നൊക്കെ വ്യതിചലിച്ച്, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംഘടന സജീവമാക്കി മുന്നണികളോട് സാമ്പത്തിക വിലപേശല്‍ നടത്തുന്ന സംഘമായി അധഃപതിച്ചിരിക്കുന്നുവെന്നും ഉസ്മാന്‍ കാച്ചടി പറഞ്ഞു.

അബ്ദുന്നാസര്‍ മഅ്ദിനിയുടെ മോചനം പ്രധാന മുദ്രാവാക്യമായി ഇരുപത് വര്‍ഷത്തില ധികം പ്രവര്‍ത്തിച്ചു എന്ന് അവകാശപ്പെടുന്ന പി.ഡി.പിക്ക് മഅ്ദനിയുടെ വിഷയത്തില്‍ നിയമ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്താനോ വ്യവസ്ഥാപിത ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനോ സാധിച്ചില്ല. അധഃസ്ഥിതരുടെ മോചനത്തിന് രംഗത്ത് ഇറങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി ചെയര്‍മാ നെ മോചിപ്പിക്കാന്‍ കാര്യക്ഷമമായി ഒന്നും ചെയ്യാന്‍ സാധിക്കാത്തത് ഏറെ നിരാശാജനകമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഘടകമായ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടാനോ
ക്രിയാത്മകമായി പ്രവര്‍ത്തിക്കാനോ പോലും ആളും അര്‍ത്ഥവുമില്ലാതെ കാലഹരണപ്പെട്ടുകൊരിക്കുന്ന അവസ്ഥയിലാണ് പിഡിപിയെന്നും ഉസ്മാന്‍ കാച്ചടി പറഞ്ഞു.

അതേ സമയം സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മറ്റൊരു പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്ക്ാന്‍ നീക്കം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഉസ്മാന്‍ കാച്ചടിയെ നിയോജക മണ്ഡലം ഭാരവാഹിത്വത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദ്‌നി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here